ന്യൂഡല്‍ഹി: ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച കോവാക്സിന് ഉടന്‍ ഉപയോഗിക്കില്ലെന്ന് ഓള് ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ് മേധാവി ഡോ. രണ്‍ദീപ് ഗുലേറിയ. ക്ലിനിക്കല്‍ പരീക്ഷണം പൂര്‍ത്തിയാകും മുമ്പ് അടിയന്തര ആവശ്യത്തിന് കോവാക്സിന് അനുമതി നല്‍കിയത് വിമര്‍ശത്തിന് വഴിവെച്ചിരുന്നു. ഇതിന് പിറകെയാണ് ഗുലേറിയയുടെ പ്രസ്താവന.
ഇതില്‍ സെറം ഇന്‍സ്റ്റിറ്റ്യൂട്ട് ഉത്പാദിപ്പിക്കുന്ന കോവീഷീല്‍ഡ് ആയിരിക്കും വരും ദിവസങ്ങളില്‍ നല്‍കുകയെന്നും ഭാരത് ബയോടെക്കിന്റെ കോവാക്സിന് തല്കാലം ഉപയോഗിക്കില്ലെന്നും ഗുലേറിയ എന്‍ഡിടിവിയോട് പ്രതികരിച്ചു.കോവിഷീല്‍ഡിന്റെ അഞ്ച് കോടി ഡോസുകള്‍ വിതരണത്തിന് തയ്യാറായിട്ടുണ്ട്. ആ സമയംകൊണ്ട് കോവാക്സിന് മൂന്നാം ഘട്ട പരീക്ഷണം പൂര്‍ത്തിയാക്കും. വാക്സിന്റെ കാര്യക്ഷമത, ഡോസേജ്, സുരക്ഷിതത്വം തുടങ്ങി മൂന്നാം ഘട്ട പരീക്ഷണത്തില്‍നിന്ന് ലഭിക്കുന്ന വിവരങ്ങള്‍ ലഭിച്ച ശേഷമായിരിക്കും കൊവാക്സിന് വിതരണത്തിന് ലഭ്യമാക്കുകയെന്നും ഡോ. ഗുലേറിയ പറഞ്ഞു.
കോവാക്സിന്റെ മൂന്നാം ഘട്ട പരീക്ഷണം പൂര്‍ത്തിയാകാത്ത സാഹചര്യത്തില്‍ അതിന് അനുമതി നല്‍കിയതിനെതിരെ കോണ്‍ഗ്രസ് നേതാവ് ശശി തരൂര്‍ അടക്കമുള്ളവര്‍ രംഗത്തെത്തിയിരുന്നു. പരീക്ഷണം പൂര്ണമാകുന്നതിനു മുന്‍പ് അനുമതി നല്‍കിയത് അപകടമുണ്ടാക്കുമെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, അടിയന്തര ഉപയോഗത്തിനുള്ള അനുമതി ലഭിച്ച ഭാരത് ബയോടെക്, ആസ്ട്രസനെക വാക്സിനുകളള് നൂറ് ശതമാനവും സുരക്ഷിതമാണെന്ന് ഡിസിജിഐ മേധാവി ഡോ. വി എസ് സോമാനി ഇന്ന് പറഞ്ഞിരുന്നു.
Content Highlights: Bharat Biotech Vaccine Could Be Back-Up For Now- Says AIIMS Chief