കോവിഷീൽഡിനും കോവാക്സീനും ഇന്ത്യയിൽ അനുമതി; അടിയന്തരഘട്ടത്തില്‍ ഉപയോഗിക്കാം

India's Vaccine Wait Over; Serum Institute, Bharat Biotech Get Approval

രാജ്യത്ത് രണ്ട് കൊവിഡ് വാക്സിനുകള്‍ ഉപയോഗിക്കുന്നതിന് ഡ്രഗ്സ് കണ്‍ട്രോളര്‍ ജനറലിന്‍റെ അന്തിമ അനുമതി. കോവിഷീല്‍ഡ്, കോവാക്സീന്‍ എന്നീ വാക്സിനുകള്‍ക്കാണ് അംഗീകാരം നല്‍കിയത്. അടിയന്തര ഉപയോഗത്തിനായി ഉപാധികളോടെയാണ് അനുമതി നൽകിയത്. കരുതൽ വേണമെന്ന മുന്നറിയിപ്പുണ്ട്. ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച ആദ്യ വാക്സിനാണ് കോവാക്സീന്‍. ഓക്സ്ഫെഡ് സര്‍വകലാശാല വികസിപ്പിച്ച് പുണെ സീറം ഇന്‍സ്റ്റിറ്റ്യൂട്ട് നിര്‍മിക്കുന്ന വാക്സിനാണ് കോവിഷീല്‍ഡ്. 

സെന്‍ട്രല്‍ ഡ്രഗ്സ് സ്റ്റാന്‍ഡേഡ് കണ്‍ട്രോള്‍ ഓര്‍ഗനൈസേഷന്റെ (സി.ഡി.എസ്.സി.ഒ.) സബ്ജക്ട് എക്‌സ്പെര്‍ട്ട് കമ്മിറ്റി (എസ്.ഇ.സി.) കോവാക്‌സിന്റെ അടിയന്തര ആവശ്യത്തിനുള്ള ഉപയോഗത്തിനു നിയന്ത്രണങ്ങളോടെ അനുമതിക്ക് കഴിഞ്ഞ ദിവസം ശുപാര്‍ശ ചെയ്തിരുന്നു. കോവിഷീൽഡിന് അനുമതി നൽകാൻ സമിതി വെള്ളിയാഴ്ചയാണു ശുപാർശ നൽകിയത്. ഈ ശുപാര്‍ശ ഡ്രഗ്‌സ് കണ്‍ട്രോളര്‍ ജനറല്‍ അംഗീകരിച്ചു. ഡി.സി.ജി.ഐ.യുടെ അനുമതി ലഭിച്ചതോടെ കോവിഡ് വാക്‌സിന്‍ വിതരണം ചെയ്യാനാകും. കോവിഷീല്‍ഡിന് 70.42 ശതമാനം ഫലപ്രാപ്തിയെന്ന് ഡ്രഗ്സ് കണ്‍ട്രോളര്‍ ജനറല്‍ അറിയിച്ചു. 

ഇതോടെ ഇന്ത്യയിൽ 2 കൊവിഡ് വാക്സിനുകൾ കുത്തിവയ്പിനു സജ്ജമായി. ക്ലിനിക്കൽ ട്രയൽ രീതിയിൽ നിശ്ചിത വിഭാഗം ആളുകളിൽ കർശന ജാഗ്രതയോടെയാകും ഇത് അനുവദിക്കുക. കൊവിഡ് വാക്സിൻ കുത്തിവയ്പ് തുടങ്ങുമ്പോൾ രാജ്യമാകെ ഉടൻ ലഭിക്കുക 3 കോടി പേർക്കാകും. ഇവർക്ക് വാക്സിൻ സൗജന്യമായി നൽകുമെന്നു കേന്ദ്ര ആരോഗ്യ മന്ത്രി ഡോ. ഹർഷ് വർധൻ അറിയിച്ചു. മുൻഗണനാ പട്ടികയിലെ ബാക്കി 27 കോടി പേർക്കും ജൂലൈയ്ക്കകം വാക്സിൻ ലഭ്യമാക്കാനുള്ള നടപടിക്രമങ്ങൾക്ക് രൂപം നൽകുകയാണ്. 

content highlights: India’s Vaccine Wait Over; Serum Institute, Bharat Biotech Get Approval