മുസ്ലിം ലീഗ് ഉൾപ്പെടെയുള്ള സഖ്യകക്ഷികൾ എതിർപ്പ് ഉയർത്തിനെത്തുടർന്നു അസദുദ്ദീൻ ഉവൈസിയുടെ എഐഎംഐഎമ്മുമായുള്ള ധാരണാനീക്കത്തിൽനിന്നു ഡിഎംകെ പിന്മാറുന്നു. ഈ മാസം ആറിന് ചെന്നൈയില്‍ നടക്കുന്ന മുസ്ലിം സംഘടനകളുടെ യോഗത്തിലേക്കു ഉവൈസിയെ ക്ഷണിച്ചിട്ടില്ലെന്ന് ഡിഎംകെ ന്യൂനപക്ഷ വിഭാഗം നേതാവ് ഡോ.ഡി. മസ്താന് അറിയിച്ചു.
ഉവൈസിയും മസ്താനും ഹൈദരാബാദില്‍ വെച്ച് വെള്ളിയാഴ്ച കൂടിക്കാഴ്ച നടത്തിയിരുന്നു. എഐഎംഐഎം സംസ്ഥാന പ്രസിഡന്റ് വക്കീല്‍ അഹമ്മദും കൂടിക്കാഴ്ചയില്‍ പങ്കെടുത്തിരുന്നു. ഡിഎംകെയുടെ ക്ഷണം സ്വീകരിച്ച് ഉവൈസി യോഗത്തിൽ പങ്കെടുക്കുമെന്ന് എഐഎംഐഎം നേതാക്കൾ അറിയിച്ചതിനു പിന്നാലെയാണ് ഡിഎംകെ തീരുമാനം മാറ്റിയത്.
അസദുദ്ദീന്‍ ഉവൈസിയുടെ എഐഎംഐഎമ്മുമായി അടുക്കാനുള്ള ഡിഐംകെയുടെ നീക്കത്തില്‍ സഖ്യകക്ഷികള്‍ നേരത്തേ അതൃപ്തി വ്യക്തമാക്കിയിരുന്നു. തമിഴ്നാട്ടിൽ സ്വാധീനമില്ലാത്ത ഉവൈസിക്കു അമിത പ്രാധാന്യം നൽകുന്നതിൽ നിലവിലെ സഖ്യകക്ഷികളായ മുസ്ലിം ലീഗും മനിതനേയ മക്കൾ കക്ഷിയും എതിർപ്പു പ്രകടിപ്പിച്ചിരുന്നു. ഉവൈസിയെ തമിഴ്നാട് രാഷ്ട്രീയത്തില്‍ ഇടപെടുത്തുന്നത് അനാവശ്യമായ നടപടിയാണെന്നാണ് ഇവര്‍ വിലയിരുത്തുന്നത്.
അസദുദ്ദീന്‍ ഉവൈസിയുടെ എഐഎംഐഎം തമിഴ്നാട്ടില്‍ 25 സീറ്റുകളിലെങ്കിലും മത്സരിക്കുമെന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. അണ്ണാഡിഎംകെ ബിജെപിയുമായി സഖ്യത്തിലായതിനാൽ ന്യൂനപക്ഷ വോട്ടുകളിൽ ഭൂരിഭാഗവും ലഭിക്കുമെന്ന പ്രതീക്ഷ ഡിഎംകെയ്ക്കുണ്ട്. വോട്ടുകൾ ഭിന്നിക്കാതിരിക്കാനുള്ള നീക്കമെന്ന നിലയിൽ കൂടിയാണു എഐഎംഐഎമ്മുമായി ധാരണയ്ക്ക് ശ്രമിച്ചത്. എന്നാൽ ഇതിൽ നിന്ന് പിന്മാറുകയായിരുന്നു.
content highlights: Under pressure from TN Muslim groups, DMK scraps invite to Asaduddin Owaisi