വെള്ളിയാഴ്ച വരെ കേരളത്തിൽ ഒറ്റപെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഇതേ തുടർന്ന് ഇടുക്കി ജില്ലയിൽ ബുധനാഴ്ച യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. മൂന്ന് മണിക്കൂറിനിടെ തിരുവനന്തപുരം ജില്ലയിൽ 40 കിലോമീറ്റർ വരെ വേഗതയിൽ കാറ്റ് വീശാനും മഴക്കും സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചത്.
വരും ദിവസങ്ങളിൽ ഉച്ചക്ക് 2 മണി മുതൽ രാത്രി 10 മണി വരെയുള്ള സമയത്ത് ഇടിമിന്നലിനുള്ള സാധ്യത കൂടുതലാണെന്നും മലയോര മേഖലയിലുള്ളവർ കൂടുതൽ ജാഗ്രത പുലർത്തണമെന്നും അറിയിച്ചിട്ടുണ്ട്. ഇത്തരം ഇടിമിന്നൽ അപകടകാരികൾ ആണ്. അവ മനുഷ്യ ജീവനും വൈദ്യുത ചാലകങ്ങളുമായി ബന്ധിപ്പിച്ചിട്ടുള്ള വീട്ടുപകരണങ്ങൾക്കും വലിയ നാശ നഷ്ടങ്ങൾ സൃഷ്ടിക്കും. ഉച്ചക്ക് രണ്ട് മുതൽ രാത്രി 10 മണി വരെ അന്തരീക്ഷം മേഘാവൃതമാണെങ്കിൽ തുറസായ സ്ഥലത്തും ടെറസ്സിലും കുട്ടികൾ കളിക്കുന്നത് ഒഴിവാക്കണമെന്നും ജാഗ്രത നിർദേശത്തിൽ പറയുന്നുണ്ട്.
Content Highlights; yellow alert in idukki