ന്യൂഡല്‍ഹി: ബ്രട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ന്റെ ഇന്ത്യ സന്ദര്‍ശനത്തിന് മാറ്റമില്ലെന്ന് റിപ്പോര്‍ട്ട്. ഈ മാസം അവസാനം ആണ് ബോറിസ് ജോണ്‍സണ്‍ ഇന്ത്യ സന്ദര്‍ശിക്കുന്നത്. ബ്രിട്ടീഷ് ഹൈക്കമ്മീഷനാണ് ഈക്കാര്യം അറിയിച്ചത്. ന്യൂഡല്‍ഹിയില്‍ നടക്കുന്ന റിപ്പബ്ലിക് ദിന പരേഡില്‍ മുഖ്യാതിഥിയാകാനുള്ള ഇന്ത്യയുടെ ക്ഷണം സ്വീകരിച്ചതായി ജോണ്‍സണ്‍ കഴിഞ്ഞ മാസം പറഞ്ഞിരുന്നു.
ബ്രിട്ടണില്‍ രോഗവ്യാപന ശേഷി കൂടിയ കോവിഡ് വൈറസിന്റെ പുതിയ വകഭേദം കണ്ടെത്തിയതിനെ തുടര്‍ന്ന് ബോറിസ് ജോണ്‍സണിന്റെ ഇന്ത്യാ സന്ദര്‍ശനം റദ്ദാക്കാനിടയുണ്ടെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. വൈറസ് വ്യാപിക്കുന്ന പശ്ചാത്തലത്തില്‍ ബ്രിട്ടണിലേക്കുള്ള വിമാന സര്‍വീസുകള്‍ക്കും വിവിധ രാജ്യങ്ങള്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു. ഇതിനിടെ കഴിഞ്ഞ ദിവസം ബ്രിട്ടണ്‍ സമ്പൂര്‍ണ്ണ ലോക്ക്ഡൗണ്‍ പ്രഖ്യാപിക്കുകയും ചെയ്തു.
അതേസമയം, റിപ്പബ്ലിക് ദിന പരേഡില്‍ മുഖ്യാതിഥിയാകുന്നതിന് പുറമെ ഇന്ത്യ-ബ്രിട്ടണ്‍ സഹകരണം ശക്തിപ്പെടുത്തുന്നതിനും ബോറിസ് ജോണ്‍സണിന്റെ സന്ദര്‍ശനം പ്രധാന്യം നല്‍കുമെന്നുമാണ് പുറത്തു വരുന്ന പുതിയ റിപ്പോര്‍ട്ടുകള്‍. വ്യാപാരം, നിക്ഷേപം, പ്രതിരോധം, സുരക്ഷ, ആരോഗ്യം, കാലാവസ്ഥാ വ്യതിയാനം തുടങ്ങിയ മേഖലകളെ കുറിച്ചാണ് ഇരുരാജ്യങ്ങളും ചര്‍ച്ച നടത്തുന്നത്.
Content Highlight: Boris Johnson Will Visit India, No Change In Plan So Far, Say Sources