ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ കോവിഡ് വാക്‌സിന്‍ സ്വീകരിച്ചു

ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ വെള്ളിയാഴ്ച കോവിഡ്-19 വാക്‌സിന്റെ ആദ്യ ഡോസ് സ്വീകരിച്ചു. ആസ്ട്രസെനകയുടെ വാക്‌സിനാണ് അദ്ദേഹം സ്വീകരിച്ചത്. ഔദ്യോഗിക വസതിയായ ഡൗണിങ് സ്ട്രീറ്റിന് സമീപത്തുള്ള സെന്റ് തോമസ് ആശുപത്രിയിലെത്തിയാണ് അദ്ദേഹം വാക്‌സിന്‍ സ്വീകരിച്ചത്. കുത്തിവെയ്‌പെടുക്കുമ്പോള്‍ തനിക്ക് പ്രത്യേകിച്ച് ഒന്നും തോന്നിയില്ലെന്നും നല്ല അനുഭവമാണെന്നും വേഗത്തില്‍ എടുത്തു കഴിഞ്ഞതായും ബോറിസ് ജോണ്‍സണ്‍ പ്രതികരിച്ചു. വാക്‌സിനെടുക്കാനുള്ള അറിയിപ്പ് ലഭിച്ചു കഴിഞ്ഞാല്‍ വാക്‌സിന്‍ സ്വീകരിക്കണമെന്നും അദ്ദേഹം ജനങ്ങളോട് ആവശ്യപ്പെട്ടു.

‘നിങ്ങള്‍ ലഭിക്കാവുന്ന ഏറ്റവും മികച്ച സംഗതിയാണിത്. നിങ്ങളുടെ കുടുംബത്തിനും മറ്റുള്ളവര്‍ക്കും അത് ഏറ്റവും ഗുണകരമാണ്. കോവിഡാണ് മുന്നിലുള്ള ഭീഷണി. വാക്‌സിനെടുക്കുക എന്നതാണ് നിങ്ങള്‍ ചെയ്യേണ്ടത്’. ബോറിസ് ജോണ്‍സണ്‍ കൂട്ടിച്ചേര്‍ത്തു.

ഒരു കൊല്ലം മുമ്പ് ബോറിസ് ജോണ്‍സന് കോവിഡ് ബാധിച്ചിരുന്നു. മൂന്ന് ദിവസം തീവ്രപരിചരണ വിഭാഗത്തിലുള്‍പ്പെടെ ഒരാഴ്ചയാണ് കഴിഞ്ഞ കൊല്ലം മാര്‍ച്ച് അവസാനം കോവിഡ് ബാധിതനായി ബോറിസ് ജോണ്‍സണ്‍ സെന്റ് തോമസ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞത്.

content highlights: Boris Johnson receives first Covid vaccine dose