ആലപ്പുഴ, കോട്ടയം എന്നീ ജില്ലകളിൽ പക്ഷിപ്പനി സ്ഥിരീകരിച്ച സാഹചര്യത്തിൽ സ്ഥിതിഗതികൾ വിലയിരുത്തുന്നതിനായി കേന്ദ്രം നിയോഗിച്ച ഉദ്യോഗസ്ഥർ ആലപ്പുഴയിലെത്തി. കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റേയും മൃഗ സംരക്ഷണ വകുപ്പിന്റേയും ഉദ്യോഗസ്ഥരാണ് എത്തിയത്. ഡോ രുപി ജെയിൻ (കേന്ദ്ര ആരോഗ്യ മന്ത്രാലയം), ഡോ സൈലേഷ് പവാർ (എൻഐവി), ഡോ അനിത് ജിൻഡാൽ (ദില്ലി ആർഎംഎൽ ഹോസ്പിറ്റൽ) എന്നിവരാണ് സംഘത്തിലുള്ളത്.
സംഘം കളക്ടറുമായി കൂടികാഴ്ച നടത്തി. പനിക്ക് കാരണമായ H5N 8 എന്ന വൈറസ് മനുഷ്യരിലേക്ക് പകരില്ലെന്നാണ് കണ്ടെത്തലെങ്കിലും ഇത് സംബന്ധിച്ച് കൂടുതൽ പഠനങ്ങൾ കേന്ദ്ര സംഘം നടത്തും. പനി കണ്ടെത്തിയ ഇടങ്ങളിലെ പത്ത് കിലോ മീറ്റർ ചുറ്റളവിൽ ആരോഗ്യ പ്രവർത്തകർക്ക് ജാഗ്രത നിർദ്ദേശവും നൽകിയിരുന്നു. അതേസമയം പ്രതിരോധ പ്രവർത്തനത്തിന്റെ ഭാഗമായി വളർത്തു പക്ഷികളെ കൊല്ലുന്നത് ഇന്ന് പൂർത്തിയാകും. 6200 താറാവുകൾ കൂടിയാണ് ഇനി അവശേഷിക്കുന്നത്.
കേരളത്തിന് പുറമേ രാജസ്ഥാൻ, ഗുജറാത്ത്, ഹിമാചൽ പ്രദേശ് എന്നിവ അടക്കമുള്ള സംസ്ഥാനങ്ങളിലാണ് പക്ഷിപ്പനി റിപ്പോർട്ട് ചെയ്തിരിക്കുന്നത്. എട്ട് സംസ്ഥാനങ്ങളിലായി പനി പടരുന്ന 12 പ്രധാന സ്ഥലങ്ങളും കണ്ടെത്തിയിട്ടുണ്ട്. പത്ത് ദിവസത്തിനുള്ളിൽ രാജ്യത്ത് ലക്ഷക്കണക്കിന് പക്ഷികളാണ് ചത്തത്. ഇതിൽ കൂടുതലും ദേശാടന പക്ഷികളാണ്.
Content Highlights; birds flu, central government team reached in Kerala