കൊവിഡ് മാനദണ്ഡം പാലിക്കാതെ കൂട്ടം ചേരല്‍; കേരള സര്‍വ്വകലാശാലയിലെ സ്‌പോട്ട് അഡ്മിഷന്‍ നിര്‍ത്തി വെച്ചു

തിരുവനന്തപുരം: കൊവിഡ് മാനദണ്ഡം പാലിക്കാതെ ആളുകള്‍ കൂട്ടം കൂടിയതിനെ തുടര്‍ന്ന് കേരള സര്‍വ്വകലാശാലയില്‍ നടത്തിയ സ്‌പോട്ട് അഡ്മിഷന്‍ നിര്‍ത്തി വെച്ചു. നേരത്തെ കോളേജുകളില്‍ തന്നെ നടത്തിയിരിക്കുന്ന സ്‌പോട്ട് അഡ്മിഷനെ കുറിച്ച് പരാതികള്‍ വ്യാപകമായതോടെയാണ് ഇത്തവണ സര്‍വകലാശാലയിലേക്ക് മാറ്റിയത്. എന്നാല്‍ കൊവിഡ് നിയന്ത്രണങ്ങള്‍ പാലിക്കാതെ വന്നതോടെ അഡ്മിഷന്‍ നിര്‍ത്തി വെക്കുകയായിരുന്നു.

ബിഎ, ബിഎസ്‌സി, ബികോം, കോഴ്‌സുകളിലേക്കാണ് കേരള സര്‍വകലാശാല സ്‌പോട്ട് അഡ്മിഷന്‍ നടത്തിയത്. രാവിലെ 8 മുതല്‍ 10 വരെയായിരുന്നു രജിസ്‌ട്രേഷന്‍ സമയം. ജനറല്‍ കാറ്റഗറിക്കാര്‍ക്കായി നടത്തിയ സ്‌പോട്ട് അഡ്മിഷനായിരുന്നതിനാലാണ് ഇത്രയേറെ തിരക്കെന്നായിരുന്നു സര്‍വകലാശാലയുടെ വാദം. തിരക്ക് വര്‍ദ്ധിച്ചതോടെ ബിഎസ്‌സിക്കാരുടെ അഡ്മിഷന്‍ ഉച്ചതിരിഞ്ഞ് ആക്കിയത് ദൂരെ നിന്ന് വന്ന വിദ്യാര്‍ത്ഥികള്‍ക്കും രക്ഷിതാക്കള്‍ക്കും തിരിച്ചടിയായി.

തിരക്ക് അധികമായതിനെ തുടര്‍ന്ന് പത്തനംതിട്ട, കൊല്ലം ജില്ലകളിലെ വിദ്യാര്‍ത്ഥികള്‍ക്കായി മറ്റൊരി ദിവസം സ്‌പോട്ട് അഡ്മിഷന് സൗകര്യം ഒരുക്കിയിട്ടുണ്ടെന്നും സര്‍വകലാശാല അറിയിച്ചു. പുതുക്കിയ തിയതി സര്‍വകലാശാല മറ്റൊരു ദിവസം അറിയിക്കും.

Content Highlight: Spot Admission in Kerala University cancelled because of people rush