സംസ്ഥാനത്ത് രണ്ടാംഘട്ട ഡ്രൈറണ്ണും വിജയകരം; വാക്‌സിന്‍ വിതരണത്തിന് സജ്ജമായി കേരളം

തിരുവനന്തപുരം: സംസ്ഥാനത്ത് എല്ലാ ജില്ലകളിലുമായി ഇന്ന് ഏര്‍പ്പെടുത്തിയ രണ്ടാംഘട്ട ഡ്രൈറണ്ണും വിജയകരമായി പൂര്‍ത്തിയായതായി ആരോഗ്യ വകുപ്പ്. കൊവിഡ് വാക്‌സിന്‍ വിതരണത്തിനുള്ള ആദ്യഘട്ടവും കേരളം വിജയകരമായി പൂര്‍ത്തിയാക്കിയിരുന്നു. ഇതോടെ വാക്‌സിന്‍ വിതരണത്തിന് സംസ്ഥാനം പൂര്‍ണ്ണമായി സജ്ജമായതായി ആരോഗ്യ വകുപ്പ് അറിയിച്ചു.

കേരളത്തിലെ എല്ലാ ജില്ലകളിലും 46 കേന്ദ്രങ്ങളിലായാണ് ഇന്ന് ഡ്രൈറണ്‍ നടത്തിയത്. ജനുവരി നാലിന് ആദ്യഘട്ട ഡ്രൈറണ്‍ 6 കേന്ദ്രങ്ങളിലായി നടത്തിയിരുന്നു. കൊവിന്‍ അപ്പിലെ രജിസ്‌ട്രേഷന്‍, മാനദണ്ഡങ്ങള്‍ പാലിച്ചുള്ള കുത്തിവയ്പ്, കുത്തിവയ്പിനുശേഷം അലര്‍ജി ഉണ്ടാകുന്നുണ്ടോയെന്ന് നിരീക്ഷിക്കാനുള്ള സംവിധാനം അങ്ങനെയെല്ലാം ഗ്രാമീണ നഗര മേഖലകളിലെ സര്‍ക്കാര്‍, സ്വകാര്യ ആശുപത്രികള്‍ പൂര്‍ണ്ണ സജ്ജമായതായി ആരോഗ്യ വകുപ്പ് അറിയിച്ചു.

വാക്‌സിനെത്തിയാലുടന്‍ സൂക്ഷിക്കാനും വിതരണത്തിനും ഉള്ള സംവിധാനങ്ങളും കുറ്റമറ്റരീതിയില്‍ ഒരുക്കിയിട്ടുണ്ട്. എത്ര അളവില്‍ വാക്‌സിന്‍ കിട്ടിയാലും അത് ശീതീകരിച്ച് സൂക്ഷിക്കാനുള്ള സംവിദാനവും കേരളത്തില്‍ ഒരുക്കിയിട്ടുണ്ട്. 5 ലക്ഷം വാക്‌സിനാണ് ആദ്യഘട്ടത്തില്‍ സംസ്ഥാനം ആവശ്യപ്പെട്ടിരിക്കുന്നത്. കൊവിഡ് വ്യാപനത്തില്‍ മുന്നില്‍ നില്‍ക്കുന്ന സംസ്ഥാനങ്ങളിലൊന്നായതിനാല്‍ സാഹചര്യത്തെ കൂടുതല്‍ ഗുരുതരമായി കാണണമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ഡോ. ഹര്‍ഷവര്‍ദന്‍ ഇന്നലെ ആരോഗ്യമന്ത്രിക്ക് നിര്‍ദ്ദേശം നല്‍കിയിരുന്നു.

Content Highlight: Second Phase dry run successfully completed in Kerala