ന്യൂഡല്‍ഹി: വിവാദ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ സമരം ചെയ്യുന്ന കര്‍ഷകരും കേന്ദ്ര സര്‍ക്കാറുമായി നടത്തിയ എട്ടാം വട്ട ചര്‍ച്ചയും തീരുമാനമാകാതെ പിരിഞ്ഞു. നിയമങ്ങള്‍ പിന്‍വലിക്കാതെ മടങ്ങില്ലെന്ന് നേതാക്കള്‍ വ്യക്തമാക്കി. റിപ്പബ്ലിക് ദിനത്തിലെ കിസാന്‍ പരേഡുമായി മുന്നോട്ടുപോകുമെന്ന് അവര്‍ അറിയിച്ചു. ജനുവരി 15ന് ഒമ്പതാം വട്ട ചര്‍ച്ചക്കുള്ള സര്‍ക്കാറിന്റെ ക്ഷണം സ്വീകരിക്കണമോ എന്ന് 11ന് തീരുമാനിക്കുമെന്നും പറഞ്ഞു.
‘വിജയം; അല്ലെങ്കില്‍ മരണം’ എന്ന പ്ലക്കാര്‍ഡുമായി ചര്‍ച്ചക്കെത്തിയ കര്‍ഷകര്‍ നിയമം പിന്‍വലിക്കുന്ന തീരുമാനമില്ലാത്തതില്‍ പ്രതിഷേധിച്ച് മൗനം ഭജിച്ചു. തുടര്‍ന്ന് ഇരുകൂട്ടരും വാഗ്വാദവുമുണ്ടായി. ഈ മാസം 11ന് സുപ്രീംകോടതി കേസ് പരിഗണിക്കുന്നുണ്ടെന്ന് സര്‍ക്കാര്‍ വ്യക്തമാക്കിയപ്പോള്‍ ‘അതിന് ഞങ്ങളാരും കോടതിയില്‍ പോയിട്ടില്ലല്ലോ’ എന്നായിരുന്നു കര്‍ഷകരുടെ മറുപടി. നിയമം തന്നെ മാറ്റണമെന്ന് ആവശ്യപ്പെടുന്ന തങ്ങള്‍ നിയമത്തിന്റെ സാധുത പരിശോധിക്കേണ്ട കാര്യമെന്താണെന്നും അവര്‍ ചോദിച്ചു. കാര്‍ഷിക നിയമങ്ങള്‍ പഞ്ചാബിനും ഹരിയാനക്കും മാത്രമുണ്ടാക്കിയതല്ലെന്ന് സര്‍ക്കാര്‍ പ്രതിനിധികള്‍ ചര്‍ച്ചയില്‍ പറഞ്ഞു.
കര്‍ഷകരുമായി വിജ്ഞാന്‍ ഭവനില്‍ ചര്‍ച്ച നടത്തുന്നതിന്റെ തലേന്ന് പിന്നാമ്പുറത്തുകൂടി സിഖ് മതപുരോഹിതനെ മധ്യസ്ഥനാക്കി കര്‍ഷക സമരം തീര്‍ക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നടത്തിയ നീക്കം പൊളിഞ്ഞിരുന്നു.
നിയമങ്ങള്‍ സംബന്ധിച്ച് തീരുമാനമെടുക്കാന്‍ കഴിഞ്ഞില്ലെന്ന് കേന്ദ്ര കൃഷി മന്ത്രി നരേന്ദ്ര സിങ് തോമര്‍ ചര്‍ച്ചക്കു ശേഷം പറഞ്ഞു. നിയമം പിന്‍വലിക്കുകയല്ലാതെ മറ്റെന്തെങ്കിലും വഴിയുണ്ടോ എന്ന് ചോദിച്ചപ്പോള്‍ ഇല്ലെന്നാണ് കര്‍ഷക നേതാക്കള്‍ പറഞ്ഞത്. അതിനാല്‍, 15ന് വീണ്ടും ചര്‍ച്ച നടത്താമെന്ന് പറഞ്ഞ് എട്ടാം വട്ട ചര്‍ച്ച അവസാനിപ്പിച്ചുവെന്നും തോമര്‍ അറിയിച്ചു.
Content Highlight: Center-Farmers Eighth round of talks failed; No change in Kisan Parade