കര്‍ഷക പ്രക്ഷോഭം: രാജ്യവ്യാപകമായി ഇന്ന് കര്‍ഷകരുടെ ദേശീയപാത ഉപരോധം

Protesting farmers

ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാര്‍ പാസാക്കിയ കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് ഇന്ന് രാജ്യവ്യാപകമായി ദേശീയപാതകള്‍ ഉപരോധിക്കുമെന്ന് കര്‍ഷകര്‍. ദേശീയപാതകളിലും സംസ്ഥാന പാതകളിലും ഉച്ചയ്ക്ക് 12 മുതല്‍ വൈകിട്ട് മൂന്ന് വരെയാണ് ഉപരോധം. സ്‌കൂള്‍ ബസുകള്‍, ആംബുലന്‍സുകള്‍, മറ്റ് അവശ്യസര്‍വീസുകള്‍ എന്നിവയെ ഒഴിവാക്കും. റോഡ് ഉപരോധവുമായി ബന്ധപ്പെട്ട മാര്‍ഗരേഖ സംയുക്ത കിസാന്‍ മോര്‍ച്ച പുറത്തിറക്കി.

കര്‍ഷകരുടെ ഉപരോധത്തിന്റെ പശ്ചാത്തലത്തില്‍ ആഭ്യന്തരമന്ത്രി അമിത് ഷാ, ദേശീയ സുരക്ഷ ഉപദേഷ്ടാവ് അജിത് ഡോവലുമായി കൂടിക്കാഴ്ച നടത്തി. പ്രധാനമേഖലകളില്‍ സുരക്ഷ വര്‍ദ്ധിപ്പിക്കാന്‍ അമിത് ഷാ നിര്‍ദ്ദേശം നല്‍കിയെന്നാണ് വിവരം. അതേസമയം, ഉത്തരാഖണ്ഡിലും ഉത്തര്‍പ്രദേശിലും കരിമ്പ് കര്‍ഷകര്‍ വിളവെടുക്കുന്നതിനാല്‍ വഴിതടയല്‍ ഉണ്ടാവില്ലെന്ന് ഭാരതീയ കിസാന്‍ യൂണിയന്‍ രാകേഷ് ടിക്കായത്ത് അറിയിച്ചു. കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കുംവരെ സമരം തുടരുമെന്ന് സംയുക്ത സമരസമിതി നേതാവ് ജഗ്താര്‍ സിംഗ് ബജ്വ. പ്രതികാര നടപടികളെ ഭയക്കുന്നില്ലെന്നും, റിപ്പബ്ലിക്ക് ദിനത്തിലെ ട്രാക്ടര്‍ പരേഡില്‍ അക്രമം അഴിച്ചുവിട്ടതാരാണെന്ന് അറിയാമെന്നും അദ്ദേഹം പറഞ്ഞു.

റിപ്പബ്ലിക്ക് ദിനത്തിലെ സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ കനത്ത സുരക്ഷ ഏര്‍പ്പെടത്തിയതായി ഡല്‍ഹി പോലിസ് വക്താവ് ചിന്മയ് ബിസ്വാള്‍ അറിയിച്ചു. ഡല്‍ഹിയിലെ ഐടിഒ പ്രദേശത്ത് പോലീസ് ബാരിക്കേഡുകള്‍ക്ക് മുകളില്‍ മുള്ളുവേലികള്‍ സ്ഥാപിച്ചിട്ടുണ്ട്. കര്‍ഷകര്‍ക്ക് ദേശീയ തലസ്ഥാനത്തേക്ക് പ്രവേശിക്കാന്‍ കഴിയില്ലെന്ന് ഡല്‍ഹി പോലീസ് പബ്ലിക് റിലേഷന്‍സ് ഓഫീസര്‍ ചിന്‍മോയ് പറഞ്ഞു.

അതേസമയം, കര്‍ഷക സമരത്തില്‍ പ്രതികരണവുമായി ഐക്യരാഷ്ട്രസഭയുടെ മനുഷ്യാവകാശ സംഘടന രംഗത്ത് വന്നു. വിഷയത്തില്‍ സര്‍ക്കാരും പ്രതിഷേധക്കാരും സംയമനം പാലിക്കണമെന്ന് സംഘടന ആവശ്യപ്പെട്ടു. പ്രശ്‌നത്തില്‍ മനുഷ്യാവകാശം ഉറപ്പാക്കി എത്രയും വേഗം പരിഹാരം കാണണമെന്നും, സമാധാനപരമായി പ്രതിഷേധങ്ങള്‍ക്കായി ഒത്തു കൂടാന്‍ എല്ലാവര്‍ക്കും അവകാശമുണ്ടെന്നും സംഘടന വ്യക്തമാക്കി.

Content Highlight: Farmers to block Highways nation wide