രണ്ട് മെയ്ഡ് ഇൻ ഇന്ത്യ വാക്സിനുകൾ ഉപയോഗിച്ച് മനുഷ്യരാശിയെ രക്ഷിക്കാൻ ഇന്ത്യ തയ്യാറാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ലോകത്തിലെ ഏറ്റവും കുറഞ്ഞ കൊവിഡ് മരണനിരക്കും ഉയർന്ന രോഗമുക്തി നിരക്കും കൂടുതലുള്ള രാജ്യങ്ങളിലൊന്നാണ് ഇന്ത്യയെന്നും മോദി പറഞ്ഞു. 16ാമത് പ്രവാസി ഭാരതീയ ദിവസ് കൺവെൻഷൻ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ലോകമെമ്പാടുമുള്ള ഇന്ത്യക്കാരുടെ മനസ് ‘മാ ഭാരതി’ കാരണം ബന്ധപ്പെട്ട് കിടക്കുന്നു. പോയവർഷം വിദേശത്ത് ഇന്ത്യൻ വംശജർ വെല്ലുവിളികളെ നേരിടാനുള്ള ശ്രമങ്ങൾ നടത്തിയതിനെ പ്രധാനമന്ത്രി പ്രശംസിച്ചു. പിപിഎ കിറ്റ്, മാസ്ക്, വെൻ്റിലേറ്റർ മുതലായ ഉപകരണങ്ങൾ നേരത്തെ രാജ്യത്തിന് പുറത്തു നിന്നാണ് വന്നിരുന്നത്. എന്നാൽ ഇന്ന് നമ്മുടെ രാജ്യം സ്വാശ്രയമാണ്. അഴിമതി തടയുന്നതിന് ഇന്ത്യ ഇന്ന് ടെക്നോളജി ഉപയോഗിക്കുന്നു. ലക്ഷങ്ങളും കോടികളും വിലമതിക്കുന്ന പണം നേരിട്ട് ഗുണഭോക്താവിൻ്റെ ബാങ്ക് അക്കൌണ്ടിലേക്കെത്തുന്നുവെന്നും അദ്ദേഹം പറഞ്ഞു.
ഇന്ത്യ തകരുമെന്നും ജനാധിപത്യം രാജ്യത്ത് അസാധ്യമാകുമെന്നും ചില ആളുകൾ പറഞ്ഞു. എന്നാൽ യഥാർഥ്യം , ഇന്ത്യ ഇന്ന് ശക്തവും ഊർജ്ജസ്വലവുമായ ജനാധിപത്യരാജ്യമായി ഒന്നിച്ചുനിൽക്കുന്നു. മോദി വ്യക്തമാക്കി. രാജ്യത്തെ ദരിദ്രരെ ശാക്തീകരിക്കുന്നതിനായി ഇന്ത്യയിൽ നടന്നുകൊണ്ടിരിക്കുന്ന പ്രചാരണം ലോകമെമ്പാടും ചർച്ചചെയ്യപ്പെടുകയാണ്. പുനരുപയോഗ ഊർജ്ജമേഖലയിൽ വികസ്വര രാജ്യത്തിനും നേതൃത്വം നൽകാമെന്ന് തങ്ങൾ തെളിയിച്ചുവെന്നും പ്രധാനമന്ത്രി പറഞ്ഞു.
content highlights: Two Made-In-India Covid Vaccines Ready To Save Humanity: PM Modi