ഹരിയാനയില്‍ കർഷകർക്കുനേരെ ലാത്തിചാർജ്; മുഖ്യമന്ത്രിയുടെ യോഗ സ്ഥലം കൈയ്യടക്കി കര്‍ഷകര്‍

Haryana Chief Minister Cancels Farmers' Meet After Chaos By Protesters

ഹരിയാനയില്‍ മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടറിന്റെ റാലിയിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തിയ കര്‍ഷകര്‍ക്ക് നേരെ പൊലീസ് അതിക്രമം. കൈംല ഗ്രാമത്തിൽ പ്രവേശിക്കാൻ ശ്രമിച്ച കർഷകർക്ക് നേരെ കണ്ണീർ വാതക ഷെല്ലുകൾ, ജല പീരങ്കികൾ എന്നിവ പ്രയോഗിച്ചു. ബാരിക്കേഡുകൾ‌ സ്ഥാപിക്കുകയും ലാത്തിവീശുകയും ചെയ്തു. ഹരിയാനയിലെ കര്‍ണാലിലെ മുഖ്യമന്ത്രിയുടെ പരിപാടി നടക്കുന്നിടത്തേക്കായിരുന്നു കര്‍ഷകരുടെ പ്രതിഷേധ മാര്‍ച്ച്. സംഘര്‍ഷത്തിനെ തുടര്‍ന്ന് മുഖ്യമന്ത്രിയുടെ സന്ദര്‍ശനവും കര്‍ഷകരുമായുള്ള കൂടിക്കാഴ്ച്ചയും റദ്ദാക്കി.

ഗ്രാമത്തിലെ കര്‍ഷകരുടെ യോഗത്തില്‍ പങ്കെടുക്കാനും സെപ്റ്റംബറില്‍ പാസാക്കിയ കേന്ദ്രത്തിന്റെ മൂന്ന് കാര്‍ഷിക നിയമങ്ങളെ കുറിച്ച് സംസാരിക്കാനുമായിരുന്നു മനോഹര്‍ ലാല്‍ ഖട്ടറിന്റെ തീരുമാനം. എന്നാൽ മുഖ്യമന്ത്രിയുടെ സമ്മേളന സ്ഥലവും വന്നിറങ്ങാനായി നിര്‍മ്മിച്ച ഹെലിപ്പാഡും കര്‍ഷകര്‍ കൈയ്യടക്കി. പ്രദേശത്ത് സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് സമ്മേളനം തീരുമാനിച്ച ഗ്രാമത്തില്‍ കനത്ത സുരക്ഷ ഏര്‍പ്പെടുത്തിയിരുന്നു. 

വെള്ളിയാഴ്ച, മുഖ്യമന്ത്രിയുടെ സന്ദർശനത്തെ പ്രോത്സാഹിപ്പിക്കുന്ന ഗ്രാമീണരുമായും പ്രാദേശിക ബിജെപി പ്രവർത്തകരുമായും പ്രാദേശിക പ്രതിഷേധക്കാർ ഏറ്റുമുട്ടിയിരുന്നു. പ്രതിഷേധം റജിസ്റ്റർ ചെയ്യാൻ ഗ്രാമവാസികൾ കർഷകരെ ഗ്രാമത്തിലേക്ക് പ്രവേശിക്കാൻ അനുവദിക്കാത്തതാണ് സംഘർഷത്തിനു കാരണം.

content highlights: Haryana Chief Minister Cancels Farmers’ Meet After Chaos By Protesters