കൊവാക്‌സിന്‍ വിതരണാനുമതി മൂന്നാംഘട്ട പരീക്ഷണങ്ങള്‍ക്ക് ശേഷം മാത്രമെന്ന് ഛത്തീസ്ഗഡ് സര്‍ക്കാര്‍

റായ്പൂര്‍: ഭാരത് ബയോടെക്കിന്റെ കൊവാക്‌സിന്‍ മൂന്നാംഘട്ട പരീക്ഷണങ്ങള്‍ക്ക് ശേഷം മാത്രമേ വിതരണത്തിന് എത്തിക്കൂവെന്ന് ഛത്തീസ്ഗഡ് സര്‍ക്കാര്‍. ഭോപ്പാലില്‍ കൊവാക്‌സിന്‍ സ്വീകരിച്ച ആരോഗ്യ പ്രവര്‍ത്തകന്‍ മരിച്ച സംഭവത്തില്‍ ജനങ്ങള്‍ക്കുണ്ടായ ആശങ്ക പരിഹരിക്കുന്നതിന്റെ ഭാഗമായായിരുന്നു ആരോഗ്യമന്ത്രി ടി എസ് സിങ് ദിയോയുടെ അറിയിപ്പ്.

കേന്ദ്ര സര്‍ക്കാര്‍ വിതരണത്തിനെത്തിച്ചാലും മൂന്നാംഘട്ട പരീക്ഷണങ്ങളും പൂര്‍ത്തിയാക്കിയ ശേഷമേ സംസ്ഥാനത്തിനുള്ളില്‍ കൊവാക്‌സിന്‍ വിതരണം ചെയ്യൂവെന്നും ആരോഗ്യമന്ത്രി അറിയിച്ചു. മൂന്ന് പരീക്ഷണഘട്ടങ്ങളും പൂര്‍ത്തിയാക്കാതെയുള്ള വാക്സിന്‍ വിതരണത്തിന് കേന്ദ്രസര്‍ക്കാര്‍ എന്തിനാണ് ധൃതി കാട്ടുന്നതെന്നും സിങ് ദിയോ ചോദ്യമുന്നയിച്ചു. കൊവാക്‌സിന്റെ മൂന്നാംഘട്ട ക്ലിനിക്കല്‍ പരീക്ഷണം പൂര്‍ത്തിയാകല്‍ വൈകിപ്പിക്കുന്നതിനെതിയും മന്ത്രി സംശയമുന്നയിച്ചു.

പരീക്ഷണം പൂര്‍ത്തിയാക്കാതെ കൊവാക്‌സിന് കേന്ദ്രം അനുമതി നല്‍കിയില്‍ മറ്റ് കമ്പനികളും അനുമതി തേടി കേന്ദ്രത്തെ സമീപിക്കുന്ന സാഹചര്യം ഉണ്ടാകുമെന്നും അദ്ദേഹം ചൂണ്ടികാട്ടി.

Content Highlight: Chhattisgarh says no to Covaxin till it completes third phase of the trial