സംസ്ഥാനത്ത് ഇന്നും നാളെയും ശക്തമായ മഴയ്ക്ക് സാധ്യത; അഞ്ച് ജില്ലകളിൽ നാളെ യെല്ലോ അലേർട്ട്

heavy rain kerala expected after vishu

സംസ്ഥാനത്ത് ഇന്നും നാളെയും അതി ശക്തമായ മഴക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. തെക്കൻ ബംഗാ( ഉൾക്കടലിൽ ചക്രവാതചുഴി രൂപപെട്ട സാഹചര്യത്തിലാണ് മുന്നറിയിപ്പ്. ഇന്ന് തിരുവനന്തപുരം, കൊല്ലം ജില്ലകളിലും നാളെ ഇടുക്കിയിലും ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി ജില്ലകളിൽ ഇന്ന് യെല്ലോ അലേർട്ടും പ്രഖ്യാപിച്ചു.

അഞ്ച് ജില്ലകളിൽ നാളെ യെല്ലോ അലർട്ടാണ്. ഉച്ചക്ക് രണ്ട് മണി മുതൽ 10 മണി വരെയുള്ള സമയത്ത് ഇടിമിന്നലിനുള്ള സാധ്യതകൂടുതലായതിനാൽ പൊതു ജനങ്ങൾ ജാഗ്രത പുലർത്തണം. മലയോര മേഖലകളിലായിരിക്കും ഇടിമിന്നൽ കൂടുതൽ സജീവമാകാൻ സാധ്യത. കൊല്ലം, ആലപ്പുഴ, കൊച്ചി, പൊന്നാനി, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് തീരങ്ങളിലും താഴ്ന്ന പ്രദേശങ്ങളിലും തിരമാലക്കും കടലാക്രമണത്തിനും സാധ്യതയുണ്ട്. മത്സ്യ തൊഴിലാളികളും തീരദേശ വാസികളും ജാഗ്രത പുലർത്തണം. കേരള, കർണാടക, ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യ ബന്ധനത്തിന് തടസമില്ല.

Content Highlights; heavy rain alert in Kerala