തന്നെ സമ്മർദത്തിലാക്കാൻ ശ്രമിക്കരുതെന്നും പ്രതിഷേധങ്ങൾ അവസാനിപ്പിക്കണമെന്നും നടൻ രജനീകാന്ത്. ആരാധകർ തന്നെ വേദനിപ്പിക്കരുതെന്നും നിസ്സഹായാവസ്ഥ മനസ്സിലാക്കണമെന്നും രജനീകാന്ത് പറഞ്ഞു. മാത്രമല്ല രാഷ്ട്രീയത്തിലേക്ക് ഇനി തിരിച്ചു വരില്ലെന്നും എത്ര ശ്രമിച്ചാലും തീരുമാനം മാറ്റില്ലെന്നും അദ്ധേഹം വ്യക്തമാക്കി.
‘രാഷ്ട്രീയത്തിൽ വരുന്നതിലുള്ള എന്റെ പ്രയാസത്തെ കുറിച്ച് ഞാൻ നേരത്തെ വിശദീകരിച്ചതാണ്. തീരുമാനം അറിയിച്ചതാണ്. തീരുമാനം മാറ്റണമെന്ന് ആവശ്യപെട്ട് ഇത്തരം പ്രതിഷേധ പരിപാടികൾ സംഘടിപ്പിച്ച് എന്നെ വീണ്ടും വീണ്ടും വേദനിപ്പിക്കരുത്’ രജനീകാന്ത് പ്രസ്താവനയിൽ പറഞ്ഞു. വളരെ അച്ചടക്കത്തോടെ പ്രതിഷേധ പരിപാടി സംഘടിപ്പിച്ചതിന് പ്രവർത്തകർക്ക് അദ്ധേഹം നന്ദിയും അറിയിച്ചിട്ടുണ്ട്.
ഡിസംബർ അവസാനം പാർട്ടി പ്രഖ്യാപനം ഉണ്ടാകുമെന്ന് അറിയിച്ചിരുന്നുവെങ്കിലും അനാരോഗ്യത്തെ തുടർന്ന് താൻ രാഷ്ട്രീയത്തിലേക്ക് അല്ലെന്ന് ദിവസങ്ങൾക്ക് മുൻപ് രജനീകാന്ത് വ്യക്തമാക്കിയിരുന്നു. ദൈവം തന്ന സന്ദേശമാണ് അനാരോഗ്യമെന്നും അതിനാൽ ഇനി രാഷ്ട്രീയത്തിലേക്ക് മടങ്ങി വരില്ലന്നുമാണ് ഇത് സംബന്ധിച്ച് അദ്ധേഹം അറിയിച്ചത്.
ശക്തമായി സമ്മർദം ചെലുത്തിയാൽ രജനി മനസ്സുമാറ്റുമെന്ന കണക്കു കൂട്ടലിലാണ് ആരാധകർ. മജനി മക്കൾ മൻട്രത്തിന്റെ തഞ്ചാവൂർ, രാമനാഥപുരം തുടങ്ങിയ ഇടങ്ങളിലെ ജില്ലാ നേതാക്കൾ സമരത്തെ പിന്തുണച്ചിട്ടുണ്ട്. പുതിയ ചിത്രമായ ‘അണ്ണാത്തെ’യുടെ ചിത്രീകരണ സംഘത്തിലുണ്ടായ ചിലർക്ക് കൊവിഡ് ബാധിക്കുകയും രക്ത സമ്മർദ്ധ വ്യതിയാനത്തെ തുടർന്ന് രജനി ചികിത്സ തേടുകയും ചെയ്തതോടെ രാഷ്ട്രീയത്തിൽ പ്രവേശിക്കാനുള്ള തന്റെ തീരുമാനത്തിൽ നിന്ന് താരം പിൻ വാങ്ങുകയായിരുന്നു
Content Highlights; protest should end, not into politics says Rajinikanth