കേരളത്തിന് ആദ്യ ഘട്ടത്തില്‍ 4.35 ലക്ഷം വയല്‍ വാക്‌സിന്‍; കൊവിഷീല്‍ഡ് വാക്‌സിന്‍ തന്നെ വേണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാനം

തിരുവനന്തപുരം: രാജ്യത്ത് കൊവിഡ് വാക്‌സിന്‍ വിതരണം ഈ മാസം 16 ന് ആരംഭിക്കുമെന്ന കേന്ദ്ര നിര്‍ദ്ദേശത്തിന് പിന്നാലെ കേരളത്തിനും വാക്‌സിന്‍ സംബന്ധിച്ച ഔദ്യോഗിക അറിയിപ്പ് ലഭിച്ചതായി സംസ്ഥാന സര്‍ക്കാര്‍. 5 ലക്ഷം വയല്‍ കൊവിഡ് വാക്‌സിന്‍ ആവശ്യപ്പെട്ട കേരളത്തിന് 4,35,500 വയല്‍ വാക്‌സിനാണ് ആദ്യ ഘട്ടത്തില്‍ ലഭിക്കുന്നത്. മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളത്തില്‍ രോഗികളുടെ എണ്ണം കൂടുതലാണെന്നും ആദ്യ ഘട്ട വിതരണത്തില്‍ കേരളത്തെ പരിഗണിക്കണമെന്നും സംസ്ഥാനം കേന്ദ്രത്തെ അറിയിച്ചിരുന്നു.

മൂന്നരലക്ഷത്തിലധികം വരുന്ന ആരോഗ്യ പ്രവര്‍ത്തകര്‍, ഇതിനൊപ്പം മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍, ആശ അങ്കണവാടി പ്രവര്‍ത്തകര്‍ എന്നിവര്‍ക്കാണ് കേരളത്തില്‍ വാക്‌സിന്‍ വിതരണത്തിന് മുന്‍ഗണന. ഇതിന് തന്നെ നാലരലക്ഷം വയല്‍ വാക്‌സിന്‍ വേണ്ടി വരുമെന്നാണ് സൂചന (10 ഡോസ് അടങ്ങുന്ന ഒരു കുപ്പിയാണ് വയല്‍). ഒരു വയല്‍ വാക്‌സിന്‍ പൊട്ടിച്ചാല്‍ ആറ് മണിക്കൂര്‍ മാത്രമാണ് അതിന്റെ ഉപയോഗക്ഷമത.

കൊവിഷീല്‍ഡ് വാക്‌സിനും കൊവാക്‌സിനും അടിയന്തിര വിതരണാനുമതി ലഭിച്ചിട്ടുണ്ടെങ്കിലും മൂന്ന് ഘട്ട പരീക്ഷണങ്ങളും വിജയകരമായി പൂര്‍ത്തിയാക്കിയ കൊവിഷീല്‍ഡ് വാക്‌സിന്‍ തന്നെ കേരളത്തിന് നല്‍കണമെന്ന് സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്. സംസ്ഥാനത്ത് പ്രതിദിന രോഗികളുടെ എണ്ണവും ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കും കൂടുതലായതിനാല്‍ രോഗ നിയന്ത്രണത്തിന് വാക്‌സിന്‍ അനിവാര്യമാണെന്നും വിതരണം ആരംഭിച്ചാല്‍ ആദ്യ പട്ടികയില്‍ തന്നെ കേരളത്തെ ഉള്‍പ്പെടുത്തണമെന്നും സംസ്ഥാനം ആവശ്യപ്പെട്ടിരുന്നു.

അതേസമയം, രാജ്യത്ത് സെറം ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ കൊവിഷീല്‍ഡ് വാക്‌സിന്റെ ആദ്യ ഡോസ് പുണെയില്‍ പുറപ്പെട്ട് ഡല്‍ഹി, അഹമ്മദാബാദ് എന്നീ കേന്ദ്രങ്ങളിലെത്തി. ഇന്ന് മാത്രം 13 സ്ഥലങ്ങളിലേക്ക് 8 വിമാനങ്ങളിലായി വാക്‌സിന്‍ എത്തിക്കാനാണ് നീക്കം. ഡല്‍ഹി, അഹമ്മദാബാദ്, കൊല്‍ക്കത്ത, ചെന്നൈ, ബെംഗളൂരു, ഹൈദരാബാദ്, വിജയവാഡ, ലക്‌നൗ തുടങ്ങിയ ഇടങ്ങളിലേക്കാണ് ആദ്യം വാക്‌സിനെത്തുക.

Content Highlight: Kerala will receive 4.35 vials of Covid Vaccine in the first stage