രാജ്യം കൊവിഡില്‍ നിന്നുള്ള തിരിച്ചു വരവിലേക്ക്; ബാങ്കുകള്‍ക്ക് ആശ്വസിക്കാന്‍ വകയില്ലെന്ന് ആര്‍ബിഐ

ന്യൂഡല്‍ഹി: കൊവിഡ് മഹാമാരി മൂലം രാജ്യത്തെ സമ്പദ്ഘടന നേരിട്ട ദുരിതത്തില്‍ നിന്ന് കരകയറുമ്പോഴും ബാങ്കുകള്‍ക്ക് ആശ്വസിക്കാനുള്ള സമയമായിട്ടില്ലെന്ന് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ. ബാങ്കുകളിലെ കിട്ടാക്കടം കഴിഞ്ഞ വര്‍ഷത്തെക്കാള്‍ ഉയരുമെന്നാണ് ആര്‍ബിഐ നല്‍കുന്ന മുന്നറിയിപ്പ്.

2020 സെപ്റ്റംബറില്‍ 7.5 ശതമാനമായിരുന്ന കിട്ടാക്കടം 2021 സെപ്റ്റംബറോടെ 13.5 ശതമാനത്തിലേക്ക് ഉയരുമെന്നാണ് ആര്‍ബിഐയുടെ നിഗമനം. അങ്ങനെ സംഭവിച്ചാല്‍ 22 വര്‍ഷത്തെ ബാങ്കിങ് ചരിത്രത്തില്‍ ആദ്യമായാകും കിട്ടാക്കടം ഇത്രയധികം വര്‍ദ്ധിക്കുകയെന്ന് ആര്‍ബിഐ ചൂണ്ടികാട്ടി.

രാജ്യത്ത് കൊവിഡ് വാക്‌സിന്‍ വിതരണം ആരംഭിച്ചതോടെയാണ് രാജ്യത്തെ സാമ്പത്തിക സ്ഥിതിയില്‍ ഉണര്‍വ് പ്രകടമായി തുടങ്ങിയത്. എന്നാല്‍ കൊവിഡിന്റെ രണ്ടാംഘട്ട വ്യാപനവും ജനിതക മാറ്റം സംഭവിച്ച വൈറസിന്റെ വരവും ഭീക്ഷണിയായതായി റിസര്‍വ് ബാങ്ക് ചൂണ്ടികാട്ടുന്നു.

Content Highlight: RBI warns of 22-year high debt in 2021