കേരളത്തിനും വാക്‌സിന്‍; ആദ്യ ബാച്ച് കൊവിഷീല്‍ഡ് വാക്‌സിന്‍ ഇന്ന് 11 മണിക്ക് എത്തും

തിരുവനന്തപുരം: കേരളത്തിലേക്കുള്ള ആദ്യ ബാച്ച് കൊവിഷീല്‍ഡ് വാക്‌സിന്‍ പുനെയില്‍ നിന്ന് പുറപ്പെട്ടു. ശീതികരണ സംവിധാനമുള്ള പ്രത്യേക വാഹനത്തിലാണ് വാക്‌സിന്‍ കൊച്ചിയില്‍ എത്തിക്കുന്നത്. രാവിലെ 11 മണിക്ക് ആദ്യ ബാച്ച് കൊച്ചിയില്‍ എത്തുമെന്നാണ് അറിയിപ്പ്.

4,35,500 ഡോസ് മരുന്നാണ് കേരളത്തിന് അനുവദിച്ചിട്ടുള്ളത്. 1100 ഡോസ് മാഹിയില്‍ വിതരണം ചെയ്യാനുള്ളതാണ്. തിരുവനന്തപുരത്ത് 1,34,000 ഡോസും എറണാകുളത്ത് 1,80,000 ഡോസും കോഴിക്കോട്ട് 1,19,500 ഡോസ് വാക്‌സിനുമാണ് വിതരണത്തിനായി എത്തിക്കുന്നത്. രണ്ടാമത്തെ ബാച്ച് വാക്‌സിന്‍ വൈകിട്ട് ആറോടെ തിരുവനന്തപുരത്തും എത്തിക്കാനാണ് തീരുമാനം.

തിരുവനന്തപുരത്തെ റീജണല്‍സ്റ്റോറിലേക്ക് മാറ്റുന്ന ഇത് 14-ന് കൊല്ലം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിലേക്ക് നല്‍കും. തിരുവനന്തപുരം ജില്ലയ്ക്കാവശ്യമായവ 15-ന് വിതരണകേന്ദ്രത്തിലെത്തിക്കാനുമാണ് നിലവിലെ തീരുമാനം. സംസ്ഥാനത്ത് ആകെ 113 കേന്ദ്രങ്ങളിലാണ് പ്രതിരോധ മരുന്ന് വിതരണം നടത്തുന്നത്.

Content Highlight: First batch Covishield Vaccine reach Kerala today