ന്യൂഡല്‍ഹി: മൂന്നാംഘട്ട പരീക്ഷണം പൂര്‍ത്തിയാക്കാതെ ഭാരത് ബയോടെക്കിന്റെ കൊവാക്സിന് അടിയന്തിര ഉപയോഗത്തിന് അനുമതി നല്കിയ കേന്ദ്ര സര്‍ക്കാരിനെ വിമര്‍ശിച്ച് കോണ്‍ഗ്രസ് എം പി മനീഷ് തിവാരി. ‘ഇന്ത്യക്കാര്‍ ഗിനി പന്നികളല്ലെന്നായിരുന്നു’ തിവാരിയുടെ ഓര്‍മ്മപ്പെടുത്തല്‍. വാക്സിന് വിതരണത്തില്‍ നിന്ന് സര്‍ക്കാര്‍ പിന്തിരിയണമെന്നും, വാക്സിന്റെ കാര്യക്ഷമതയും വിശ്വാസ്യതയും തെളിയിക്കപ്പെട്ടതിന് ശേഷം മാത്രം വാക്സിന് വിതരണം നടത്തണമെന്നും തിവാരി ആവശ്യപ്പെട്ടു.
സെറം ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ കൊവിഷീല്‍ഡ് വാക്സിനൊപ്പം തന്നെ കൊവാക്സിനും കേന്ദ്രം അനുമതി നല്‍കിയിരുന്നു. എന്നാല്‍ കൊവാക്സിന് പൂര്‍ണ്ണ സുരക്ഷിതമാണോയെന്ന് ഉറപ്പു വരുത്താത്തതിനാല്‍ വാക്സിന് വിതരണവുമായി ബന്ധപ്പെട്ട് വന്‍ വിമര്‍ശനങ്ങളാണ് സര്‍ക്കാരിനെതിരെ ഉയരുന്നത്. വാക്സിന് സ്വീകരിക്കുന്ന ആള്‍ക്ക് ഏത് വാക്സിന് സ്വീകരിക്കണമെന്നത് തെരഞ്ഞെടുക്കാനാവില്ലെന്നാണ് കേന്ദ്രത്തിന്റെ നിലപാട്. അതിനാല്‍ തന്നെ വാക്സിന് വിതരണം വാക്സിന്റെ മൂന്നാംഘട്ട പരീക്ഷണത്തിന് തുല്യമാകുമെന്നും മനീഷ് തിവാരി ആശങ്ക പ്രകടിപ്പിച്ചു.
രാജ്യത്ത് ഈ മാസം 16 ന് ആരംഭിക്കാനിരിക്കുന്ന വാക്സിന് വിതരണത്തില്‍ കൊവാക്സിനും കേന്ദ്രം അനുമതി നല്‍കിയിരുന്നു. എന്നാല്‍, നിലവില്‍ വിവിധ സംസ്ഥാനങ്ങളിലേക്ക് അയച്ചിരിക്കുന്നത് സെറം ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ കൊവിഷീല്‍ഡ് വാക്സിനാണ്. കൊവിഷീല്‍ഡ് വാക്സിന്റെ മൂന്ന് ഘട്ട പരീക്ഷണങ്ങളും വിജയകരമായി പൂര്‍ത്തീകരിച്ചതാണ്.
Content Highlight: Indians are not guinea pigs- Manish Tewari over Covid-19 Covaxin