കെജിഫ് രണ്ടാം ഭാഗത്തിൻ്റെ ടീസർ പുകവലിയെ പ്രോത്സാഹിപ്പുക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി നായകൻ യഷിന് ആൻ്റി ടോബാക്കോ സെല്ലിൻ്റെ നോട്ടീസ്. ടീസറിൽ നിരവധി ആരാധകരുള്ള ഒരു നടൻ മാസ് രംഗങ്ങൾക്കായി പുകവലിക്കുന്നത് പുകവലിയെ പ്രോത്സാഹിപ്പിക്കുന്നതാണെന്നും സിഗരറ്റ് ആൻ്റ് അദർ ടൊബാക്കോ ആക്ടിൻ്റെ കീഴിലെ സെഷൻ 5ൻ്റെ ലംഘനമാണെന്നും നോട്ടീസിൽ പറയുന്നു. നടൻ പുകവലിക്കുന്ന ടീസറിലെ ഭാഗങ്ങൾ ആരാധകർ ആഘോഷമാക്കിയിരുന്നു.
‘ടീസറും പോസ്റ്ററും പുകവലിയെ പ്രോത്സാഹിപ്പിക്കുന്നതാണ്. സാമൂഹ്യ മാധ്യമങ്ങളിൽ നിന്ന് ടീസറും പോസ്റ്ററും നീക്കം ചെയ്യണമെന്ന് ഞങ്ങൾ നിർദ്ദേശിക്കുകയാണ്. പുകവലിക്കുന്ന ദൃശങ്ങളിൽ എഴുതി കാണിക്കേണ്ട മുന്നറിയിപ്പുകൾ കാണിക്കുന്നില്ല. യഷ്, നിങ്ങൾക്ക് ഒരുപാട് ആരാധകരുണ്ട്. നിങ്ങളുടെ പ്രവർത്തികൾ യുവാക്കളെ വഴിതെറ്റിക്കരുത്. പുകവലിക്കെതിരെയുള്ള ഞങ്ങളുടെ ക്യാമ്പയിനിൽ താങ്കൾ പങ്കാളിയാവണമെന്ന് ഞങ്ങൾ ആഗ്രഹിക്കുന്നു’. നോട്ടീസിൽ പറയുന്നു.
നായകൻ യഷും വില്ലൻ സഞ്ജയ് ദത്തും ഒന്നിച്ചെത്തിയ ടീസർ രണ്ട് ദിവസത്തിനുള്ളിൽ 100 മില്ലൺ ആളുകളാണ് കണ്ടത്. തെന്നിന്ത്യയിൽ തന്നെ തരംഗമായി മാറിയ കെജിഎഫ് ഒന്നാം ഭാഗത്തിൻ്റെ തുടർച്ചയാണ് കെജിഎഫ് 2. ശ്രീനിധി ഷെട്ടി നായികയായി എത്തുന്ന ചിത്രത്തിൽ ബോളിവുഡ് താരം രവീണ ടണ്ടനും പ്രധാന വേഷത്തിലെത്തുന്നു.
content highlights: Anti-Tobacco Cell raises an objection to Yash’s smoking sequence in KGF: Chapter 2 teaser