കഴിച്ച ഭക്ഷണത്തിന് പണം ചോദിച്ച ഹോട്ടലുടമയെ വർഗീയ കലാപമുണ്ടാക്കുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തിയ ബിജെപി പ്രവർത്തകർ അറസ്റ്റിൽ. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ പേര് പറഞ്ഞ് ഭീഷണിപ്പെടുത്തിയ ട്രിപ്ലിക്കേൻ സ്വദേശികളായ പുരുഷോത്തമൻ (32), ഭാസ്കരൻ (30), എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. പുരുഷോത്തമൻ ബിജെപിയുടെ ട്രിപ്ലിക്കേൻ സെക്രട്ടറിയും ഭാസ്കരൻ ട്രിപ്ലിക്കേൻ വെസ്റ്റ് സെക്രട്ടറിയുമാണ്. സംഘത്തിലുണ്ടായിരുന്ന ബിജെപി പ്രവർത്തകനായ സൂര്യ ഒളിവിലാണ്.
ചെന്നെെയിൽ ഐസ്ഹൌസ് മുത്തയ്യ സ്ട്രീറ്റിലുള്ള ഹോട്ടലിൽ കഴിഞ്ഞ ദിവസം രാത്രിയായിരുന്നു സംഭവം. മുഹമ്മദ് അബൂബക്കർ എന്നയാളുടെ ഹോട്ടലിൽ ഏറെവെെകി മദ്യപിച്ചെത്തിയ മൂവർ സംഘം ചിക്കൻ ഫ്രെെഡ് റെെസ് ആവശ്യപ്പെട്ടു. എന്നാൽ കട അടയ്ക്കുകയാണെന്ന് ജീവനക്കാർ പറഞ്ഞെങ്കിലും സംഘം അതിന് സമ്മതിച്ചില്ല. ബിജെപി പ്രവർത്തകരാണെന്ന് പറഞ്ഞ് നിർബന്ധിച്ച് ഭക്ഷണം പാകം ചെയ്യിച്ചു. എന്നാൽ ഭക്ഷണം കഴിച്ച ശേഷം ഇവർ പണം നൽകാൻ തയ്യാറായില്ല. അബൂബക്കർ അത് ചോദ്യം ചെയ്തതോടെ ബിജെപി പ്രവർത്തകർ ഭീഷണിപ്പെടുത്താൻ തുടങ്ങി. കേന്ദ്രമന്ത്രി അമിത് ഷായുടെ പേഴ്സണൽ സെക്രട്ടറിയെ വിളിക്കുമെന്നും താൻ വിളിച്ചാൽ ആയിരം പേർ വരാൻ തയ്യാറായിരിക്കുകയാണെന്നും പ്രതികളിലൊരാൾ പറഞ്ഞു.
വർഗീയ കലാപം ഉണ്ടാക്കുമെന്നും ഹോട്ടൽ പ്രവർത്തിക്കാൻ അനുവദിക്കില്ലെന്നും ഭീഷണിപ്പെടുത്തി. തുടർന്ന് അബൂബക്കർ പൊലീസിനെ വിളിച്ച് വരുത്തുകയായിരുന്നു. ഇതേ കടയിൽ നിന്ന് കഴിഞ്ഞയിടെ 850 രൂപയ്ക്ക് ഭക്ഷണം കഴിച്ചിട്ട് പണം നൽകാതെ ഇവർ പോയിരുന്നു. ബിജെപി നേതാക്കൾ എന്നപേരിൽ പല ഹോട്ടലുകളിൽ നിന്ന് ഇവർ പണം നൽകാതെ ഭക്ഷണം കഴിക്കുന്നത് പതിവാണെന്ന് പറയപ്പെടുന്നു. അതേസമയം ബിജെപി പ്രവർത്തകർ ഹോട്ടലിൽ ബഹളമുണ്ടാക്കിയതിൽ ക്ഷമചോദിക്കുന്നതായി പാർട്ടി നേതാവും നടിയുമായ ഖുശ്ബു പറഞ്ഞു. ഇത്തരം രീതികൾ ബിജെപി അംഗീകരിക്കില്ലെന്നും അതിക്രമത്തിന് മാപ്പ് ചോദിക്കുന്നതായും അവർ പറഞ്ഞു.
content highlights: BJP Workers Who Threatened Muslim Eatery Owner In Triplicane, Arrested