എല്‍ഡിഎഫുമായി ചര്‍ച്ച ചെയ്യാതെ മുന്നണി വിടുന്ന കാര്യത്തില്‍ അന്തിമ തീരുമാനമില്ല: ശരദ് പവാര്‍

മുംബൈ: എല്‍ഡിഎഫുമായി ചര്‍ച്ച നടത്തിയ ശേഷമേ മുന്നണി വിടുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ തീരുമാനമെടുക്കൂവെന്ന് എന്‍സിപി ദേശീയ അധ്യക്ഷന്‍ ശരദ് പവാര്‍. വര്‍ഷങ്ങളായി പാര്‍ട്ടി എല്‍ഡിഎഫില്‍ തന്നെ പ്രവര്‍ത്തിക്കുന്നതിനാല്‍ സഹപ്രവര്‍ത്തകരുടെ വാക്കുകള്‍ കൂടി കേള്‍ക്കണമെന്ന് പവാര്‍ പറഞ്ഞു. ഈ മാസം 23 ന് കേരളത്തില്‍ എത്തുമെന്നും പവാര്‍ അറിയിച്ചു.

പാലായടക്കം സീറ്റ് വിഭജന കാര്യങ്ങളില്‍ മുഖ്യമന്ത്രിയുമായി നടത്തിയ ചര്‍ച്ചയിലെ വിശദാംശങ്ങള്‍ ഇന്ന് രാവിലെ നടന്ന ചര്‍ച്ചയില്‍ പീതാംബരന്‍ മാസ്റ്റര്‍ പവാറിനെ അറിയിച്ചിരുന്നു. പാലാ സീറ്റ് മുഖ്യമന്ത്രി ഉറപ്പ് നല്‍കിയിട്ടില്ലെന്ന കാര്യം പീതാംബരന്‍ മാസ്റ്റര്‍ പവാറിനെ ധരിപ്പിച്ചിട്ടുണ്ട്. അന്തിമ തീരുമാനം പവാറിന്റേതായിരിക്കുമെന്നാണ് പീതാംബരന്‍ മാസ്റ്റര്‍ ചര്‍ച്ചയ്ക്ക് ശേഷം മാധ്യമങ്ങളോട് പറഞ്ഞത്.

അതേസമയം, സീതാറാം യെച്ചൂരി, ഡി രാജ, എന്നീ ഇടതു നേതാക്കളുമായും, ഉമ്മന്‍ ചാണ്ടിയുമായും സംസാരിച്ചതായി ശരദ് പവാര്‍ അറിയിച്ചു. കേരളത്തിലെത്തി സംസ്ഥാന നേതാക്കളുമായി പ്രത്യേകമായി ചര്‍ച്ച ചെയ്യാനാണ് പവാറിന്റെ തീരുമാനം.

Content Highlight: Sarad Pawar on NCP exit from LDF