എൽഡിഎഫ് സർക്കാരിൻ്റെ അവസാനത്തെ ബജറ്റ് ധനമന്ത്രി തോമസ് ഐസക് അവതരിപ്പിക്കുന്നു. കേരള സ്റ്റേറ്റ് ഗ്രഗ്സ് ആൻഡ് ഫാർമസ്യൂട്ടിക്കൽ ലിമിറ്റഡിന് ധനസഹായങ്ങൾ പ്രഖ്യാപിച്ചു. കിഫ്ബിയിൽ നിന്ന് 150 കോടിയുടെ ധനസഹായത്തോടു കൂടി കെഎസ്ഡിപിയുടെ മാനേജ്മെൻ്റിൽ കാൻസർ മരുന്നുകൾക്കുള്ള പ്രത്യേക പാർക്ക് 2021-22ൽ യഥാർഥ്യമാവുമെന്നും ഇക്കൊല്ലം തറക്കല്ലിടുമെന്നും മന്ത്രി പറഞ്ഞു.
അവയവമാറ്റ ശസ്ത്രക്രിയക്ക് രോഗികള്‍ക്ക് അനിവാര്യമായതും 250 രൂപ കമ്പോള വില വരുന്നതുമായ ആറിനം മരുന്നുകള്‍ മുഖ്യമന്ത്രിയുടെ രണ്ടാം നൂറു ദിന പരിപാടിയുടെ ഭാഗമായി വാണിജ്യാടിസ്ഥാനത്തിൽ പുറത്തിറക്കും. 15 പുതിയ ഫോർമുല മരുന്നുകൾ പുതുതായി കമ്പോളത്തിലിറങ്ങും. ഇവ ലോകാരോഗ്യ സംഘടനയുടെ സർട്ടിഫിക്കേഷനോടെ ഏഷ്യൻ-ആഫ്രിക്കൻ രാജ്യങ്ങളിലേക്ക് കയറ്റുമതി ആരംഭിക്കുമെന്നും മന്ത്രി കൂട്ടിചേർത്തു. കെഎസ്ഡിപിയുടെ ഉത്പാദനം 2015-16 ൽ 20 കോടി ആയിരുന്നെന്നും 2020-21ൽ 150 കോടിയാണെന്നും അദ്ദേഹം വ്യക്തമാക്കി. നോണ്‍ ബീറ്റ ലാക്ടം ഇന്‍ജക്ടബിള്‍ യൂണിറ്റ് ഈ വര്‍ഷം ഉദ്ഘാടനം ചെയ്യുന്നതോടെ ഉത്പാദന ശേഷി 250 കോടി രൂപയായി മാറുമെന്നും നിലവിലുള്ള പ്രോജക്ടുകള്‍ പൂർത്തികരിക്കുന്നതിന് 15 അനുവദിക്കുമെന്നും മന്ത്രി പറഞ്ഞു.
പ്രവാസികളുടെ തൊഴിൽ പദ്ധതിക്ക് 100 കോടി അനുവദിച്ചു. പ്രവാസിക്ഷേമനിധിക്ക് 9 കോടി. ക്ഷേമനിധി അംശാദായം വിദേശത്തുള്ളവർക്ക് 350 രൂപയായും അവരുടെ പെൻഷൻ 3500 രൂപയായും ഉയർത്തി. നാട്ടിൽ തിരിച്ചെത്തിയവർക്ക് ക്ഷേമനിധി അംശാദായം 200 രൂപയാക്കി. പെൻഷൻ 3000 രൂപയായും വർധിപ്പിച്ചു. അയ്യങ്കാളി തൊഴിലുറപ്പ് പദ്ധതിക്ക് 100 കോടി. കാർഷികമേഖലയിൽ 2 ലക്ഷം തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കും. ലെെഫ്മിഷനിൽ 40000 പട്ടികജാതി, 12000 പട്ടികവർഗ കുടുംബങ്ങൾക്ക് വീട് നൽകും. ഇതിനായി 2080 കോടിയാണ് ചെലവ്. സർക്കാർ ജനങ്ങളിൽ ആത്മവിശ്വാസം സൃഷ്ടിച്ചു. കേരളത്തിൻ്റെ ആരോഗ്യവകുപ്പിൻ്റെ കരുത്ത് ലോകമറിഞ്ഞെന്നും ഐസക് പറഞ്ഞു.
content highlights: Kerala Budget 2021 Updates