ബജറ്റ് പ്രഖ്യാപനത്തിന്റെ പേരിൽ ജനങ്ങളെ കബളിപ്പിക്കാനുള്ള ശ്രമമാണ് കേരള സർക്കാർ നടത്തിയതെന്ന് വി മുരളീധരൻ

V Muraleedharan against Kerala budget 2021

തെരഞ്ഞെടുപ്പിന് വെറും രണ്ട് മാസം മാത്രം ബാക്കി നിൽക്കെ ബജറ്റ് പ്രഖ്യാപനത്തിന്റെ പേരിൽ ജനങ്ങളെ കബളിപ്പിക്കാനുള്ള ശ്രമമാണ് കേരള സർക്കാർ നടത്തിയതെന്ന് കേന്ദ്ര മന്ത്രി വി മുരളീധരൻ. നടപ്പിലാക്കാൻ അധാകരമില്ലാത്ത പ്രഖ്യാപനങ്ങളാണ് ഐസക് നടത്തിയിട്ടുള്ളത്. കാലാവധിയില്ലാത്ത സർക്കാർ പ്രഖ്യാപനങ്ങൾ നടത്തി ജനങ്ങളെ കബളിപ്പിക്കുന്ന സമീപനമാണ് ബജറ്റിന്റെ കാര്യത്തിൽ സർക്കാർ സ്വീകരിച്ചിരിക്കുന്നതെന്നും മുരളീധരൻ വ്യക്തമാക്കി.

ജനാധിപത്യ പ്രക്രിയയോടുള്ള വെല്ലുവിളിയാണ് ഒരു വർഷത്തേക്കുള്ള ബജറ്റ് അവതരണത്തിലൂടെ നടത്തിയിട്ടുള്ളതെന്നും മുരളീധരൻ പറഞ്ഞു. വരാൻ പോകുന്ന സർക്കാരിനാണ് ഈ വർഷത്തെ ഭൂരിഭാഗം കാലാവധി എങ്ങനെ ആയിരിക്കണമെന്ന് തീരുമാനിക്കാനുള്ള അധികാരം. ആ അധികാരം തിരഞ്ഞെടുക്കപെടുന്ന മന്ത്രിസഭക്ക് നൽകാതെ ഒരു വർഷത്തേക്കുള്ള ബജറ്റ് എന്ന് പറഞ്ഞ് നടത്തിയത് ജനാധിപത്യ പ്രക്രിയയെ വെല്ലുവിളിക്കുന്നതിന് തുല്യമാണ്. സിപിഎമ്മിന്റെ മാനിഫെസ്റ്റോ പ്രഖ്യാപിക്കുന്നതിനുള്ള വേദിയാക്കി കേരള നിയമസഭയെ മാറ്റിയത് തികഞ്ഞെ രാഷ്ട്രീയ ലക്ഷ്യത്തോട് കൂടിയാണെന്നും കേന്ദ്ര മന്ത്രി പറഞ്ഞു.

പ്രഖ്യാപനങ്ങൾ മാത്രം നടത്തുന്ന സർക്കാരാണിത്. രാജ്യത്ത് ഏറ്റവും കൂടുതൽ കർഷക ആത്മഹത്യ നടക്കുന്ന സംസ്ഥാനം കൂടിയാണ് കേരളം. 2019-20 ജനുവരി വരെ കേരളത്തിൽ കർഷകരും കർഷക തൊഴിലാളികളുമായിട്ടുള്ള 211 പേരാണ് ആത്മഹത്യ ചെയ്തിട്ടുള്ളത്. ഇതിനെ കുറിച്ച് എന്ത് പരാമർശം നടത്തിയെന്ന് പറയണമെന്നും മുരളീധരൻ ആവശ്യപെട്ടു. താങ്ങുവില വർധിപ്പിക്കുമെന്ന് പ്രഖ്യാപിച്ചു.

കഴിഞ്ഞ കാലങ്ങളിൽ താങ്ങുവില എത്ര കർഷകന് നൽകി എന്ന് വ്യക്തമാക്കണം. ബജറ്റിന്റെ എട്ട് ശതമാനം ആരോഗ്യ മേഖലക്ക് വേണ്ടി നീക്കി വെക്കണമെന്നാണ് ദേശീയ ആരോഗ്യനയം. എന്നാൽ കേരളത്തിൽ നാല് ശതമാനം മാത്രമാണ് ഇതിനായി നീക്കി വെച്ചതെന്നും മുരളീധരൻ പറഞ്ഞു.

Content Highlights; V Muraleedharan against Kerala budget 2021