നിയമസഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി കേരളത്തിന്റെ ചുമതലയുള്ള കോണ്‍ഗ്രസ് നേതാക്കള്‍ കേരളത്തിലെത്തും

ന്യൂഡല്‍ഹി: നിയമസഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി സംസ്ഥാന കോണ്‍ഗ്രസില്‍ നടത്താന്‍ ഉദ്ദേശിക്കുന്ന അഴിച്ചു പണികള്‍ ചര്‍ച്ച ചെയ്യാന്‍ കേരളത്തിന്റെ ചുമതലയുള്ള കോണ്‍ഗ്രസ് നേതാക്കള്‍ അടുത്താഴ്ച്ച കേരളത്തിലെത്തും. രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെല്ലോട്ട് അടക്കമുള്ള നേതാക്കളാണ് ആദ്യഘട്ട ചര്‍ച്ചകള്‍ക്കായി ജനുവരി 22, 23 തിയതികളില്‍ കേരളത്തിലെത്തുക.

ഉമ്മന്‍ചാണ്ടിയെ തെരഞ്ഞെടുപ്പ് സമിതി അധ്യക്ഷനാക്കണമെന്ന നിര്‍ദ്ദേശമാണ് കൂടുതല്‍ സജീവമായി ഉയരുന്നത്. അതിനുമപ്പുറം പാര്‍ട്ടി അധികാരത്തിലെത്തിയാല്‍ ഉമ്മന്‍ചാണ്ടിക്കും രമേശ് ചെന്നിത്തലക്കുമായി ടേം തിരിച്ച് മുഖ്യമന്ത്രി സ്ഥാനം എന്ന ഫോര്‍മുലയെകുറിച്ചും ആലോചനകളുമുണ്ട്. അത്തരമൊരു ധാരണക്ക് ഹൈക്കമാന്‍ഡ് തയ്യാറാകുമോ എന്ന് വ്യക്തമല്ല. ധാരണ വഴി ഗ്രൂപ്പ് പോര് കുറയ്ക്കാനാകുമെന്നും അല്ല ധാരണ തന്നെ ഗ്രൂപ്പുകളിലെ ഭിന്നത കൂട്ടുമെന്ന അഭിപ്രായങ്ങള്‍ പാര്‍ട്ടിയിലുണ്ട്.

തദ്ദേശതോല്‍വിക്ക് ശേഷമുള്ള അഴിച്ചുപണിയെകുറിച്ചുള്ള ചര്‍ച്ചകളില്‍ ഉമ്മന്‍ചാണ്ടിയെ നേതൃനിരയിലേക്കെത്തിക്കണമെന്ന ആവശ്യമായിരുന്നു ഏറ്റവും ശക്തം. സംസ്ഥാനത്തെത്തിയ എഐസിസി പ്രതിനിധികളോട് ഘടകകക്ഷികളും ഇക്കാര്യം ഉന്നയിച്ചു. കൂട്ടായ നേതൃത്വമാകും നിയമസഭാ തെരഞ്ഞെടുപ്പിനെ നയിക്കുക എന്ന ഹൈക്കമാന്‍ഡ് പറയുമ്പോഴും ഉമ്മന്‍ചാണ്ടിയുടെ പദവിയില്‍ തീരുമാനമായില്ല.

Content Highlight: Congress Leaders coming to Kerala ahead election