ന്യൂഡല്‍ഹി: മൂന്നാംഘട്ട പരീക്ഷണഘട്ടം പൂര്‍ത്തിയാക്കാത്ത ഭാരത് ബയോടെക്കിന്റെ കൊവാക്സിന് സ്വീകരിക്കുന്നവര്‍ പ്രത്യേക സമ്മത പത്രം നല്‍കണമെന്ന് നിര്‍ദ്ദേശം. വാക്സിന് ക്ലിനിക്കല്‍ ട്രയല്‍ മോഡിലായതിനാലാണ് നിര്‍ദ്ദേശം. പൊതു താല്പര്യം മുന്‍ നിര്‍ത്തി മുന്‍കരുതലോടെയാണ് അടിയന്തിര സാഹചര്യത്തില്‍ ഉപയോഗിക്കാന്‍ കൊവാക്സിന് കേന്ദ്രം അനുമതി നല്‍കിയതെങ്കിലും വാക്സിന്റെ കാര്യക്ഷമത ഇതേവരെ പരീക്ഷിക്കപ്പെട്ടിട്ടില്ലാത്തതിനാല് കൂടുതല്‍ മുന്‍കരുതലിന്റെ ഭാഗമായാണ് നടപടി.
വാക്സിന് സ്വീകരിച്ചതുമായി ബന്ധപ്പെട്ട് ഏതെങ്കിലും തരത്തിലുള്ള പ്രതികൂലമായ പാര്‍ശ്വഫലങ്ങള്‍ ഉണ്ടായാല്‍ നഷ്ടപരിഹാരത്തിന് അര്‍ഹതയുണ്ടായിരിക്കും. വാക്സിന് സ്വീകരിച്ച ശേഷം ഏതെങ്കിലും തരത്തിലുള്ള ഗുരുതര പാര്‍ശ്വഫലങ്ങള്‍ ഉണ്ടെങ്കില്‍ അംഗീകൃത ആരോഗ്യ കേന്ദ്രങ്ങളില്‍ ചികിത്സ തേടാനാണ് നിര്‍ദ്ദേശം. വാക്സിന്റെ പാര്ശ്വഫമാണെന്ന് തെളിയിക്കപ്പെട്ടാല്‍ വാക്സിന് ഉല്‍പ്പാദകരായ ഭാരത് ബയോടെക് നഷ്ടപരിഹാരം നല്‍കുമെന്നും സമ്മതപത്രത്തില്‍ വ്യക്തമാക്കുന്നുണ്ട്.
നിലവില്‍ ഇന്ത്യയില്‍ വിതരണത്തിന് അനുമതി ലഭിച്ച കൊവിഷീല്‍ഡ് വാക്സിനും കൊവാക്സിനും സുരക്ഷിതവും കാര്യക്ഷമവുമാണെന്ന് സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട്. ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷനും ഇക്കാര്യം വ്യക്തമാക്കിയിരുന്നു.
Content Highlight: Covaxin recipients to sign consent form