മേഡ് ഇൻ ഇന്ത്യ വാക്സിനുകൾ സുരക്ഷിതം; രണ്ടാം ഘട്ടത്തിൽ 30 കോടി ആളുകൾക്ക് വാക്സിൻ നൽകുമെന്ന് നരേന്ദ്ര മോദി

Narendra Modi launches vaccination drive

ലോകത്തിലെ തന്നെ ഏറ്റവും വലിയ കൊവിഡ് വാക്സിനേഷൻ പദ്ധതി ഉദ്ഘാടനം ചെയ്ത് പ്രധാന മന്ത്രി നരേന്ദ്ര മോദി. കൊവിൻ എന്ന ആപ്ലിക്കേഷൻ ബട്ടൻ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. ഏറേക്കാലം നീണ്ടു നിൽക്കുന്നതായിരിക്കും വാക്സിനേഷൻ പദ്ധതിയെന്ന് മോദി അഭിപ്രായപെട്ടു. രണ്ടാം ഘട്ടം ആകുമ്പോഴേക്കും 30 കോടി ആളുകൾക്ക് വാക്സിൻ നൽകുമെന്നും മൂന്ന് കോടി മുന്നണി പോരാളികൾക്കുള്ള വാക്സിൻ ചിലവ് കേന്ദ്ര സർക്കാർ തന്നെ വഹിക്കുമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി അഭിപ്രായപെട്ടു.

എന്നാൽ അതേസമയം വാക്സിനേഷനെതിരായ കുപ്രചാരണങ്ങളിൽ വീണ് പോകരുതെന്നും മേഡ് ഇൻ ഇന്ത്യ വാക്സിനുകൾ പൂർണമായും സുരക്ഷിതമാണെന്നും പ്രധാനമന്ത്രി വ്യക്തമാക്കി. ഏറെ കാലമായുള്ള കാത്തിരിപ്പിന് അവസാനമായി എന്ന് പറഞ്ഞു കൊണ്ടായിരുന്നു പ്രധാനമന്ത്രി പ്രസംഗം ആരംഭിച്ചത്. കുറെ നാളായി എല്ലാവരുടെയും ചോദ്യത്തിന് അവസാനമായി വളരെ പെട്ടെന്ന് തന്നെ വാക്സിൻ എത്തിക്കഴിഞ്ഞു. ഇതിനായി പ്രയത്നിച്ച ശാസ്ത്രജ്ഞർക്ക് അഭിനന്ദനം നൽകുന്നുവെന്നും പ്രധാനമന്ത്രി പറഞ്ഞു. കൂടാതെ മൂന്ന് കോടി മുന്നണി പോരാളികളുടെ വാക്സിനേഷൻ ചിലവ് കേന്ദ്രം വഹിക്കും. രണ്ട് ഡോസ് കുത്തിവെയ്പ് അനിവാര്യമാണ്. രണ്ട് ഡോസിനും ഇടയിൽ ഒരു മാസത്തെ ഇടവേളയുണ്ടാകും. കുത്തിവെയ്പ് കഴിഞ്ഞ് രണ്ടാഴ്ച കഴിഞ്ഞേ ഫലം കാണുകയുള്ളുവെന്നും മോദി കൂട്ടിച്ചേർത്തു.

കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ കാണിച്ച ഉത്സാഹം ഇതിലും വേണമെന്ന് പ്രധാനമന്ത്രി പറഞ്ഞു. ലോകത്ത് ഇതുവരെ 3 കോടി ആളുകൾക്കെ വാക്സിൻ കിട്ടിയിട്ടുള്ള എന്ന് പ്രധാനമന്ത്രി ഓർമിപ്പിച്ചു. ഇന്ത്യയിൽ രണ്ടാം ഘട്ടം ആകുമ്പോഴേക്കും 30 കോടി ആളുകൾക്കും വാക്സിൻ ലഭ്യമാകും. ഇന്ത്യയിലെ വാക്സിനിൽ ലോകത്തിന് വിശ്വാസമുണ്ട്. രണ്ട് വാക്സിനുകളും വിജയിക്കുമെന്ന് പൂർണ വിശ്വാസത്തോടെയാണ് ഇന്ത്യ മുന്നോട്ട് നീങ്ങുന്നത്. ഇന്ത്യയുടെ വാക്സിൻ മറ്റ് വാക്സിനുകളേക്കാൾ ലളിതമാണെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.

Content Highlights; Narendra Modi launches vaccination drive