തിരുവനന്തപുരം: കെഎസ്ആര്‍ടിസിയിലെ സാമ്പത്തിക ക്രമക്കേട് തുറന്നു പറഞ്ഞ എം ഡി ബിജു പ്രഭാകറിനെതിരെ പ്രതികാര നടപടികള്‍ അണിയറയില്‍ ഒരുങ്ങുന്നതിനിടെ സ്വിഫ്റ്റ് നടപടിയുമായി മുന്നോട്ട് പോകുമെന്നുറച്ച് ബിജു പ്രഭാകര്‍. കെഎസ്ആര്‍ടിസിയിലെ സാമ്പത്തിക ക്രമക്കേടിന് വിജിലന്‍സ് അന്വേഷണത്തിന് ശുപാര്‍ശ ചെയ്യാനാണ് എംഡിയുടെ നീക്കം.
കെഎസ്ആര്‍ടിസിയില്‍ സ്പെയര്‍പാട്സ് വാങ്ങുന്നതിനും ഇന്ധനം വാങ്ങുന്നതിലും ക്രമക്കേടുണ്ടെന്നും 10 ശതമാനം ജീവനക്കാരെങ്കിലും തട്ടിപ്പുകാരാണെന്നുമായിരുന്നു ബിജു പ്രഭാകറിന്റെ ആരോപണം. കിഫ്ബി വഴിയുള്ള സ്വിഫ്റ്റ് നവീകരണ പദ്ധതിയെ യൂണിയനുകള്‍ എതിര്‍ത്തതാണ് കെഎസ്ആര്‍ടിസി എംടിയുടെ തുറന്നു പറച്ചിലിന് കാരണമായത്. ഒരു വിഭാഗം ആളുകള്‍ തനിക്കെതിരെ തെറ്റിദ്ധാരണ പരത്തിയതിനാലാണ് തുറന്നു പറച്ചില് വേണ്ടിവന്നതെന്ന് അദ്ദേഹം പ്രതികരിച്ചു. ഉന്നത ഉദ്യോഗസ്ഥര്‍ തന്നെ എംഡിയെ ഓടിക്കാന്‍ ശ്രമിച്ചതായും അദ്ദേഹം അഭിപ്രായപ്പെട്ടു.
അതേസമയം, ജീവനക്കാര്‍ക്കെതിരെ എംഡി ആരോപണം ഉന്നയിച്ചതില്‍ പ്രതിഷേധിച്ച് യൂണിയനുകള്‍ ഇന്നലെ പ്രതിഷേധം നടത്തിയിരുന്നു. യൂണിയനുകളുമായി എംഡി നാളെ ചര്‍ച്ച നടത്തും. എക്സിക്യൂട്ടിവ് ഡയറക്ടര്‍ ശ്രീകുമാറിന്റെ വിശദീകരണത്തിന് ശേഷം വിജിലന്‍സ് അന്വേഷണത്തിനടക്കം ശുപാര്‍ശ ചെയ്യാനാണ് എംഡിയുടെ നീക്കം.
2012 മുതല്‍ 2015 വരെയുള്ള കാലയളവില്‍ കെഎസ്ആര്‍ടിസിയുടെ 100 കോടി രൂപ കാണാതായ സംഭവത്തില്‍ അന്നത്തെ അക്കൗണ്ട്സ് മാനേജറും ഇന്നത്തെ എക്സിക്യൂട്ടീവ് ഡയറക്ടറുമായ ശ്രീകുമാറിന് വീഴ്ച്ചയുണ്ടായെന്ന് വാര്‍ത്താ സമ്മേളനത്തില്‍ ബിജു പ്രഭാകര്‍ വ്യക്തമാക്കിയതിന് പിന്നാലെയാണ് വിവിധ കോണുകളില്‍ നിന്ന് പ്രതിഷേധം ഉയരുന്നത്.
Content Highlight: KSRTC MD Biju Prabhakar confirm his stand on implementing Swift project