ഓസ്ട്രേലിയൻ ഓപ്പൺ ടൂർണമന്റിന് താരങ്ങലെ എത്തിച്ച വിമാനങ്ങളിലെ മൂന്ന് പേർക്ക് കൊവിഡ്; 47 താരങ്ങൾ ക്വാറന്റൈനിൽ

Open: 3 COVID-19 positive cases detected; 47 players forced into strict quarantine

2021 ഓസ്ട്രേലിയൻ ഓപ്പൺ ടൂർണമെന്റിനായി താരങ്ങളെ എത്തിച്ച ചാർട്ടേഡ് വിമാനങ്ങളിലെ മൂന്ന് പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ 47 താരങ്ങളും ക്വാറന്റൈനിൽ പ്രവേശിപ്പിച്ചു. സീസണിലെ ഓപ്പണിംങ് ഗ്രാൻഡ്സ്ലാം ടൂർണമെന്റിനായി ലോസ് ആജ്ഞലിസ്, അബുദാബി എന്നിവിടങ്ങളിൽ നിന്ന് കളിക്കാരെയും പരിശീലകരെയും എത്തിച്ച രണ്ട് ചാർട്ടേർഡ് വിമാനങ്ങളിലെ കളിക്കാരല്ലാത്ത മൂന്ന് പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്.

ഫെബ്രുവരി എട്ടിന് ടൂർണമെന്റ് ആരംഭിക്കാനിരിക്കെ സംഘാടകർക്കും താരങ്ങൾക്കും ഇത് ഒരു പോലെ തിരിച്ചടിയായി. മെൽബൺ പാർക്കിൽ നടക്കുന്ന ടൂർണമെന്റിനായി 1200 കളിക്കാരെയും പരിശീലകരെയും ഉദ്യോഗസ്ഥരെയും മെൽബണിലേക്ക് കൊണ്ടു വരുന്നതിനായി 15 ചാർട്ടേർഡ് വിമാനങ്ങളാണ് ഒരുക്കിയിട്ടുള്ളത്.

ലോസ് ആജ്ഞലിസിൽ നിന്നെത്തിയ ഫ്ളൈറ്റ് ക്രൂവിലെ ഒരു അംഗത്തിനും ഓസ്ട്രേലിയൻ ഓപ്പണിന്റെ ഭാഗമായ ഒരു ജീവനക്കാരനും കൊവിഡ് സ്ഥിരീകരിച്ചതോടെ വിമാനത്തിൽ ഉണ്ടായിരുന്ന 24 താരങ്ങളെ മെൽബണിലെ ഹോട്ടൽ മുറിയിൽ ഐസോലേഷനിലേക്ക് മാറ്റി. അബുദാബിയിൽ നിന്നുള്ള മറ്റൊരു വിമാനത്തിൽ ഒരു യാത്രക്കാരനാണ് കൊവിഡ് ബാധിച്ചതായി കണ്ടെത്തിയത്. ഇതോടെ ഈ വിമാനത്തിൽ ഉണ്ടായിരുന്നു 23 താരങ്ങളും ക്വാറന്റൈനിലായി. ക്വാറന്റൈനിലായ താരങ്ങൾ 14 ദിവസം ഹോട്ടൽ മുറിയിൽ തന്നെ തുടരും.

Content Highlights; Australian Open: 3 COVID-19 positive cases detected; 47 players forced into strict quarantine