നിയമസഭ തെരഞ്ഞെടുപ്പ്: ഡിസിസി പുനഃസംഘടനയ്ക്ക് വഴങ്ങാന്‍ എ,ഐ ഗ്രൂപ്പുകള്‍

ന്യൂഡല്‍ഹി: നിയമസഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി ഹൈക്കമാന്‍ഡ് തീരുമാനത്തിന് വഴങ്ങാനുറച്ച് കോണ്‍ഗ്രസ് എ,ഐ ഗ്രൂപ്പുകള്‍. ഡിസിസി പുനസംഘടനയെന്ന ആവശ്ത്തില്‍ ഹൈക്കമാന്‍ഡ് ഉറച്ച് നിന്നതോടെയാണ് ഗ്രൂപ്പുകള്‍ തീരുമാനത്തിന് വഴങ്ങിയത്. പ്രവര്‍ത്തന മികവില്ലാത്തവരെ മാറ്റണമെന്ന ഹൈക്കമാന്‍ഡ് നിലപാട് ഗ്രൂപ്പ് നേതാക്കള്‍ അംഗീകരിച്ചു. തെരഞ്ഞെടുപ്പിന് മുമ്പ് ഡിസിസികളിലെ പുനസംഘടന തിരിച്ചടിയാകുമെന്ന കാരണം ചൂണ്ടികാട്ടി ഹൈക്കമാന്‍ഡ് നീക്കത്തെ എതിര്‍ക്കാന്‍ ഗ്രൂപ്പുകള്‍ ശ്രമിച്ചെങ്കിലും അത് സാധിച്ചില്ല.

കോണ്‍ഗ്രസ് മത്സരിച്ച 87 സീറ്റുകളില്‍ അറുപതിടത്ത് ജയസാധ്യതയുണ്ടെന്നാണ് കെപിസിസി സമിതി സംസ്ഥാന ഘടകം ഹൈക്കമാന്‍ഡിന് സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നത്. കഴിഞ്ഞ തവണ മത്സരിച്ച എംഎല്‍എമാര്‍ക്ക് ഇത്തവണയും സീറ്റ് നല്‍കണമെന്നാണ് ജയസാധ്യതയെക്കുറിച്ച് പഠിച്ച കെപിസിസി സമിതിയുടെ ശുപാര്‍ശ. തിരുവനന്തപുരം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, കാസര്‍ഗോഡ് ഡിസിസി അധ്യക്ഷന്മാരെ മാറ്റുന്ന കാര്യത്തില്‍ തീരുമാനമുണ്ടായേക്കുമെന്നാണ് സൂചന. ഇരട്ട പദവി വഹിക്കുന്ന പാലക്കാട്, എറണാകുളം, വയനാട് അധ്യക്ഷന്മാരെയും മാറ്റിയേക്കും. പ്രവര്‍ത്തന മികവിന്റെ പേരില്‍ കൊല്ലം ഡിസിസി അധ്യക്ഷയെ മാറ്റണമെന്ന ആലോചനകളുണ്ടെങ്കിലും വനിതാ പ്രാതിനിധ്യം കണക്കിലെടുത്ത് ബിന്ദുകൃഷ്ണയെ നിലനിര്‍ത്തിയേക്കുമെന്നാണ് സൂചന.

അതേസമയം, പകരക്കാരുടെ പട്ടികയില്‍ പ്രവര്‍ത്തന പരിജയമില്ലാത്തവരെ ഉള്‍പ്പെടുത്താനുള്ള ഗ്രൂപ്പിന്റെ നീക്കത്തെ ഹൈക്കമാന്‍ഡ് എതിര്‍ത്തു. ബിജെപി ശക്തി നേടുന്ന സാഹചര്യത്തില്‍ തെക്കന്‍ കേരളത്തില്‍ കൂടുതല്‍ ശ്രദ്ധ നല്‍കാനും ഹൈക്കമാന്‍ഡ് ആവശ്യപ്പെട്ടിട്ടുണ്ട്.

Content Highlight: Congress High Command to reorganize DCC