റഷ്യയിലെത്തിയ അലക്സി നവൽനിയ്ക്ക് പുടിൻ്റെ വിലക്ക്; അറസ്റ്റ് ചെയ്തു

Kremlin Critic, Who Was Poisoned, Arrested After Returning To Russia

ബെർലിനിൽ നിന്ന് ചികിത്സ കഴിഞ്ഞ തിരികെയെത്തിയ റഷ്യൻ പ്രതിപക്ഷ നേതാവും പ്രസിഡൻ്റ് വ്ലാദിമിർ പുടിൻ്റെ കടുത്ത വിമർശകനുമായ അലക്സി നവൽനിയെ പൊലീസ് അറസ്റ്റ് ചെയ്തു. വിഷബാധയേറ്റതിനെ തുടർന്ന് ചികിത്സയിലായിരുന്ന നവൽനി മോസ്കോ വിമാനത്താവളത്തിൽ വന്നിറങ്ങിയ ഉടൻ അറസ്റ്റ് ചെയ്യുകയായിരുന്നു. വിമാനത്താവളത്തിൽ കാത്തുനിന്ന ഭാര്യ യുലിയയെ ആലിംഗനം ചെയ്ത് നിമിഷങ്ങൾക്കകം നവൽനിയെ അറസ്റ്റ് ചെയ്ത് കൊണ്ടുപോവുകയായിരുന്നു. കറുത്ത മുഖംമൂടി ധരിച്ച നാല് പൊലീസ് ഉദ്യോഗസ്ഥരാണ് നവൽനിയെ കൊണ്ടുപോയത്. മോസ്കോയിലെ വിമാനത്താവളത്തിൽ നവൽനിയെ വരവേൽക്കാനായി നിന്ന അനുയായികളേയും പൊലീസ് അറസ്റ്റുചെയ്ത് നീക്കി.

നവൽനിയുടെ അറസ്റ്റിനെ യുറോപ്യൻ യൂണിയൻ അപലപിച്ചു. അറസ്റ്റ് ഞെട്ടിപ്പിക്കുന്നതാണെന്നും എത്രയും പെട്ടെന്ന് അദ്ദേഹത്തെ മോചിപ്പിക്കാൻ റഷ്യയോട് ആവശ്യപ്പെടുമെന്നും യുറോപ്യൻ കൊൺസിൽ പ്രസിഡൻ്റ് ചാൾസ് മെെക്കിൾ ട്വിറ്ററിൽ കുറിച്ചു. നവൽനിയെ അറസ്റ്റ് ചെയ്യുമെന്ന് നേരത്തെ മുന്നറിയിപ്പ് ഉണ്ടായിരുന്നു. നവൽനി നടത്തിയ സർക്കാർ വിരുദ്ധ ക്യാമ്പയിനുകൾക്കും വിമർശനങ്ങൾക്കുമുള്ള പ്രതികാര നടപടിയായിട്ടാണ് ഈ അറസ്റ്റ് എന്നാണ് വിമർശനം.

ഓഗസ്റ്റ് 20ന് സൈബീരിയയിൽ വച്ചാണ് നവൽനിക്ക് വിഷബാധയേറ്റത്. വ്‌ലാദിമിർ പുടിന്റെ രൂക്ഷ വിമർശകനായ അലക്‌സിയെ കൊലപ്പെടുത്താനുള്ള ശ്രമത്തിൻ്റെ ഭാഗമായാണ് വിഷബാധയെന്നായിരുന്നു ആരോപണം. റഷ്യയിലെ ചികില്‍സയ്ക്കു പിന്നാലെ ജർമനിയിലെ ബെർലിനിലേക്ക് എയർലിഫ്റ്റ് ചെയ്യുകയായിരുന്നു. നോവിചോക്ക് എന്ന വിഷപ്രയോഗം നടന്നുവെന്ന് ജർമനി വ്യക്തമാക്കിയിരുന്നു. 

content highlights: Kremlin Critic, Who Was Poisoned, Arrested After Returning To Russia