‘അര്‍ണബിനെ കോര്‍ട്ട് മാര്‍ഷ്യലിന് വിധേയമാക്കുമോ?’ രൂക്ഷ വിമര്‍ശനവുമായി ശിവസേന

മുംബൈ: റിപ്പബ്ലിക് ടിവി എഡിറ്റര്‍ അര്‍ണബ് ഗോസ്വാമിയുടെ വാട്‌സ്ആപ്പ് ചാറ്റുകള്‍ പുറത്തു വന്നതിന് പിന്നാലെ കേന്ദ്രത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി ശിവസേന. രാജ്യത്തെ ആഭ്യന്തര സുരക്ഷ വിവരങ്ങളുടെ ചോര്‍ച്ചയാണ് സംഭവിച്ചതെന്നും അര്‍ണബിനെ കോര്‍ട്ട് മാര്‍ഷ്യലിന് വിധേയമാക്കുമോയെന്നും ശിവസേന ചേദിച്ചു.

രാജ്യസുരക്ഷയുമായി ബന്ധപ്പെട്ട രഹസ്യങ്ങള്‍ പങ്കുവെക്കുന്നത് കുറ്റകരമല്ലെന്നാണ് ബിജെപിക്കാര്‍ കരുതുന്നതെങ്കില്‍ ദേശീയതയെക്കുറിച്ചുള്ള അവരുടെ നിര്‍വചനം പരിശോധിക്കേണ്ടതാണെന്ന് മുഖപത്രമായ സാമ്‌നയിലൂടെ ശിവസേന ആരോപിച്ചു. ഇത് രാജ്യത്തെ ബാധിക്കുന്ന കാര്യമാണെന്നും ഇക്കാര്യത്തില്‍ കേന്ദ്രം എന്ത് നടപടി സ്വീകരിക്കുമെന്നും സാമ്‌ന ആരാഞ്ഞു.

പുല്‍വാമ ഭീകരാക്രമണവും കശ്മീരിന്റെ പ്രത്യേക പദവി എടുത്തു കളഞ്ഞ കേന്ദ്ര സര്‍ക്കാരിന്റെ നടപടിയും സംബന്ധിച്ച് അര്‍ണബിന് നേരത്തെ അറിവുണ്ടായിരുന്നെന്ന് സൂചിപ്പിക്കുന്ന വാട്സ്അപ്പ് സന്ദേശങ്ങളാണ് പുറത്ത് വന്നിരിക്കുന്നത്. പുല്‍വാമ ഭീകരാക്രമണം മോദി സര്‍ക്കാരിനും തന്റെ ചാനലിനും ഗുണം ചെയ്യുമെന്ന ആഹ്ലാദവും അര്‍ണബ് സന്ദേശങ്ങളില്‍ പ്രകടിപ്പിച്ചിരുന്നു. ഇതിനെതിരെയാണ് ശിവസേന രംഗത്ത് വന്നിരിക്കുന്നത്.

Content Highlight: Sivasena against Central Government on Arnab issue