നടിയെ ആക്രമിച്ച കേസിലെ സാക്ഷി വിസ്താരം ഇന്ന് പുനരാരംഭിക്കും

the court rejected a plea against Dileep which wants to revoke his bail 

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ സാക്ഷി വിസ്താരം ഒരിടവേളയ്ക്ക് ശേഷം ഇന്ന് പുനരാരംഭിക്കും. കേസില്‍ മാപ്പുസാക്ഷിയായ ശേഷം ജാമ്യം ലഭിക്കാതെ ജയില്‍ മോചിതനായ വിപിന്‍ലാലിനെ ഇന്ന് കോടതിയില്‍ ഹാജരാക്കുന്നുണ്ട്. വിപിന്‍ ലാലിനെ പുറത്തുവിട്ടതിന്റെ രേഖകള്‍ ഹാജരാക്കാന്‍ വിയ്യൂര്‍ ജയില്‍ സൂപ്രണ്ടിനോട് കോടതി നിര്‍ദേശിച്ചിരുന്നു.

നടിയെ അക്രമിച്ച കേസിലെ പത്താം പ്രതിയാണ് വിപിന്‍ ലാല്‍. ഇയാള്‍ മറ്റൊരു കേസില്‍ അറസ്റ്റിലായിരിക്കെ നടിയെ അക്രമിച്ച കേസില്‍ പ്രതി ചേര്‍ത്തു. പിന്നീട് അറസ്റ്റിലായ ആദ്യ കേസില്‍ ജാമ്യം ലഭിക്കുകയും നടിയെ അക്രമിച്ച കേസില്‍ മാപ്പ്സാക്ഷിയാക്കുകയും ചെയ്തതോടെ വിയ്യൂര്‍ ജയില്‍ സൂപ്രണ്ട് ഇയാളെ മോചിതനാകാന്‍ അനുവദിച്ചു.

ചങ്ങനാശേരി സ്വദേശിയായ വിപിന്‍ ലാല്‍ കാസര്‍കോട് ബന്ധുവിന്റെ വീട്ടിലാണിപ്പോള്‍ താമസം. ഇതിനിടെ ഇയാളെ സ്വാധീനിക്കാന്‍ ശ്രമിച്ചെന്ന പരാതിയില്‍ ഗണേഷ് കുമാര്‍ എംഎല്‍എയുടെ ഓഫീസ് സെക്രട്ടറി എം. പ്രദീപ് കുമാറിനെ പോലീസ് അറസ്റ്റ് ചെയ്തു. ഇതോടെയാണ് കേസിലെ എട്ടാം പ്രതിയായ ദിലീപ്, വിപിന്‍ ലാല്‍ ജയില്‍ മോചിതനായത് സംബന്ധിച്ച പരാതിയുമായി കോടതിയെ സമീപിച്ചത്.

ക്രിമിനല് നടപടി ചട്ടം 306 പ്രകാരം വിചാരണ കഴിയും വരെ മാപ്പുസാക്ഷികളെ ജയിലില്‍ നിന്ന് വിട്ടയക്കരുതെന്നാണ്. അതിനാലാണ് ഇയാളെ കസ്റ്റഡിയിലെടുത്ത് വിചാരണ കോടതിക്ക് മുമ്പാകെ ഇന്ന് ഹാജരാക്കാന്‍ കോടതി അന്വേഷണ ഉദ്യോഗസ്ഥന് നിര്‍ദേശം നല്‍കിയത്. കൂടാതെ ജയില്‍ സൂപ്രണ്ടിനോട് ഇതു സംബന്ധിച്ച രേഖകള്‍ ഹാജരാക്കാനും നിര്‍ദേശിച്ചിട്ടുണ്ട്. ഈ മാസം 28ന് കാവ്യാമാധവനെയും ഫെബ്രുവരി രണ്ടിന് നാദിര്‍ഷായെയും വിസ്തരിക്കും.

Content Highlight: The hearing of witnesses in the case of attacking the actress will resume today