സ്പീക്കറെ നീക്കം ചെയ്യണമെന്ന പ്രതിപക്ഷ പ്രമേയം നിയമസഭയില്‍ ഇന്ന് പരിഗണിക്കും

speaker criticizes the governor

തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസില്‍ ആരോപണ വിധേയനായ സ്പീക്കര്‍ സ്ഥാനത്തു നിന്നു നീക്കം ചെയ്യണമെന്ന പ്രമേയം ഇന്ന് നിയമസഭ ചര്‍ച്ച ചെയ്യും. സ്വര്‍ണക്കടത്തു കേസില്‍ ആരോപണ വിധേയനായ സ്പീക്കറെ നീക്കം ചെയ്യണമെന്ന പ്രമേയം മുസ്ലിം ലീഗിലെ എം ഉമ്മര്‍ അവതരിപ്പിക്കും. കേരള നിയമസഭയുടെ ചരിത്രത്തില്‍ ഇത് മൂന്നാം തവണയാണ് സ്പീക്കറെ നീക്കം ചെയ്യല്‍ പ്രമേയം ചര്‍ച്ചയ്‌ക്കെടുക്കുന്നത്.

സ്വര്‍ണക്കടത്ത്- ഡോളര്‍ കടത്ത് കേസുകളും നിയമസഭയിലെ നിര്‍മാണ പ്രവര്‍ത്തനങ്ങളിലെ ധൂര്‍ത്തുമാണ് പ്രതിപക്ഷ നോട്ടീസിന് ആധാരം. ചോദ്യോത്തര വേള കഴിഞ്ഞാലുടന്‍, പത്തു മണിക്ക് ഉമ്മറിന്റെ സഭ പരിഗണിക്കും. പ്രമേയത്തില്‍ ചര്‍ച്ചയാകാമെന്ന് സ്പീക്കര്‍ അറിയിക്കും. പ്രമേയം പരിഗണനയ്‌ക്കെടുക്കുമ്പോള്‍ സ്പീക്കര്‍ ഡെപ്യൂട്ടി സ്പീക്കറുടെ ഇരിപ്പിടത്തിലേക്കു മാറും. ഡെപ്യൂട്ടി സ്പീക്കര്‍ സഭ നിയന്ത്രിക്കും. സ്പീക്കര്‍ക്കും തന്റെ ഭാഗം വിശദീകരിക്കാന്‍ അവസരമുണ്ടാകും.

പ്രമേയത്തില്‍ രണ്ടു മണിക്കൂര്‍ ചര്‍ച്ചയ്ക്കാണ് തീരുമാനം. ചര്‍ച്ചയ്‌ക്കൊടുവില്‍ വോട്ടെടുപ്പ് നടത്തും. സഭയില്‍ ഭരണപക്ഷത്തിന് ഭൂരിപക്ഷമുള്ളതിനാല്‍ പ്രമേയം പരാജയപ്പെടും. അതു കഴിഞ്ഞാലുടന്‍ ശ്രീരാമകൃഷ്ണന് സ്പീക്കറുടെ ഇരിപ്പിടത്തിലേക്കു മാറാം. 1982ല്‍ എ സി ജോസും 2004 ല്‍ വക്കം പുരുഷോത്തമനുമാണ് ഇതിനു മുമ്പ് സമാന പ്രമേയം നേരിടേണ്ടി വന്ന സ്പീക്കര്‍മാര്‍.

Content Highlight: The opposition’s motion to remove the speaker will be considered in the Assembly today