നിയമസഭാ തെരഞ്ഞെടുപ്പ് പടിവാതില്‍ക്കലെത്തി നില്‍ക്കെ കളമശ്ശേരിയില്‍ മുസ്‌ലിംലീഗിന് ഞെട്ടല്‍. കളമശ്ശേരിയിലെ 37-ാം വാര്‍ഡില്‍ നടന്ന ഉപതെരഞ്ഞെടുപ്പില്‍ 64 വോട്ടിന് എല്‍ഡിഎഫ് സ്വതന്ത്രന്‍ റഫീഖ് മരക്കാര്‍ വിജയിച്ചു. സിറ്റിങ് സീറ്റില്‍ വിഎസ് സമീലാണ് ലീഗിന് വേണ്ടി കളത്തിലിറങ്ങിയിരുന്നത്. 25 വര്‍ഷമായി യുഡിഎഫ് ജയിച്ചിരുന്ന വാര്‍ഡാണിത്. ഇവിടെ കോണ്‍ഗ്രസ് വിമതന്‍ മത്സരിച്ചതാണ് യുഡിഎഫിന് തിരിച്ചടിയായത്. വിമതന്‍ ഷിബു സിദ്ദീഖിന് 207 വോട്ടാണ് കിട്ടിയത്.
റഫീഖിന് 308 വോട്ടും സമീലിന് 244 വോട്ടും ലഭിച്ചു. ബിജെപി സ്ഥാനാര്‍ത്ഥി 13 വോട്ടുകള്‍ നേടി. 20-20 എന്ന നിലയിലായിരുന്നു കളമശ്ശേരിയിലെ തെരഞ്ഞെടുപ്പ് ഫലം. ഇവിടെ നറുക്കെടുപ്പിലൂടെ യുഡിഎഫ് അധികാരത്തിലെത്തുകയായിരുന്നു. ഇടതു സ്വതന്ത്രന്റെ വിജയത്തോടെ കക്ഷിനില 20-21 എന്നായി. ഇതോടെ ഭരണം എല്‍ഡിഎഫിന് കിട്ടുമെന്ന് ഉറപ്പായി.
അതേസമയം തൃശ്ശൂർ കോർപ്പറേഷനിലെ പുല്ലഴി ഡിവിഷനില്‍ യുഡിഎഫ് അട്ടിമറി ജയം നേടി. യു.ഡി.എഫിലെ കെ രാമനാഥനാണ് വിജയിച്ചത്. കോര്‍പ്പറേഷനില്‍ എല്‍.ഡി.എഫും യു.ഡി.എഫും ഒപ്പത്തിനൊപ്പമാണ്. 99 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് യു.ഡി.എഫ് സ്ഥാനാര്‍ത്ഥി കെ.രാമനാഥന്റെ ജയം.എല്‍.ഡി.എഫ് സ്ഥാനാര്‍ഥി അഡ്വ. എം.കെ മുകുന്ദന്റെ അകാല നിര്യാണത്തെ തുടര്‍ന്നാണ് ഇവിടെ തെരഞ്ഞെടുപ്പ് മാറ്റിവച്ചത്. അഡ്വ. മഠത്തില്‍ രാമന്‍കുട്ടിയാണ് ഇവിടത്തെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി.
Content Highlights; LDF wins Kalamassery by-election