ശശി തരൂർ നിർണായക റോളിലേക്ക്; പ്രകടന പത്രിക തയ്യാറാക്കുനായി കേരള പര്യടനത്തിന്

Congress gears up for Assembly polls: Shashi Tharoor appointed important role

നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപെട്ടുള്ള കോൺഗ്രസ് തന്ത്രങ്ങളുടെ മുൻ നിരയിലേക്ക് തിരുവനന്തപുരം എംപി ശശി തരൂർ. പ്രകടന പത്രിക തയ്യാറാക്കുന്നതിനുള്ള ചുമതല ശശി തരൂരിന് നൽകാൻ തിരുവനന്തപുരത്ത് ഹൈക്കമാൻഡ് പ്രതിനിധികളുടെ സാന്നിധ്യത്തിൽ ചേർന്ന തെരഞ്ഞെടുപ്പ് മേൽമോട്ട സമിതി യോഗം തീരുമാനിച്ചു. ഇതിനായി കേരളത്തിലെ അഞ്ച് ജില്ലകളിൽ ശശി തരൂരും പര്യടനം നടത്തും. സംസ്ഥാനത്തെ വിവിധ വിഭാഗങ്ങളുമായി തരൂർ ചർച്ച നടത്തും.

യുഡിഎഫുമായി ഇടഞ്ഞു നിൽക്കുന്നവരെ കോൺഗ്രസിലേക്ക് അടുപ്പിക്കുകയാണ് ലക്ഷ്യമിടുന്നത്. ഇതിനോടൊപ്പം പ്രകടന പത്രികയുമായി ബന്ധപെട്ട് ഇവരുടെ നിർദേശങ്ങളും തരൂർ കേൾക്കും. യുവാക്കളെയും ടെക്കികൾ അടക്കമുള്ളവരെയും യുഡിഎഫിലേക്ക് അടുപ്പിക്കുക എന്നതാണ് തരൂരിനെ മുൻനിരയിലേക്ക് കൊണ്ടു വരുന്നതിലൂടെ ലക്ഷ്യമിടുന്നത്. സംസ്ഥാന തല നേതൃതലത്തിൽ സജീവമല്ലാത്ത ശശി തരൂരിനെ ഹൈക്കമാൻഡ് ഇടപെട്ടാണ് പത്തംഗ തെരഞ്ഞെടുപ്പ് മേൽനോട്ട സമിതിയിൽ ഉൾപെടുത്തിയത്.

ഹൃദയത്തോട് ചേർന്ന് നിൽക്കുന്നതാകും കോൺഗ്രസ് പ്രകടന പത്രികയെന്ന് തെരഞ്ഞെടുപ്പ് മേൽനോട്ട സമതി അധ്യക്ഷൻ ഉമ്മൻചാണ്ടി പറഞ്ഞു. സംസ്ഥാന മാതൃകയിൽ ജില്ലാ തലത്തിലും തെരഞ്ഞെടുപ്പ് മേൽനോട്ട സമിതികൾ രൂപീകരിക്കുമെന്നും ഉമ്മൻചാണ്ടി പറഞ്ഞു. വിജയ സാധ്യത മാത്രമാകും സ്ഥാനാർത്ഥി നിർണയത്തിൽ പരിഗണിക്കുകയുള്ളു എന്ന് ഹൈക്കമാൻഡ് പ്രതിനിധികൾ മേൽനോട്ട സമിതി യോഗത്തിൽ അറിയിച്ചിട്ടുണ്ട്. ഗ്രൂപ്പ് അടക്കമുള്ള ഒരു പരിഗണനയും ഉണ്ടാകില്ല. ഇക്കാര്യം കോൺഗ്രസ് നേതാക്കളുമായുള്ള കൂടിക്കാഴ്ചയിലും ഹൈക്കമാൻഡ് നിരീക്ഷകർ അറിയിച്ചിട്ടുണ്ട്.

Content Highlights; Congress gears up for Assembly polls: Shashi Tharoor appointed important role