വാളയാർ കേസിൽ തുടരന്വോഷണത്തിനായി പോക്സോ കോടതി അനുമതി നൽകി. തുടരന്വോഷണം നടത്താനുള്ള അനുമതി തേടി പ്രത്യേക അന്വേഷണ സംഘം നൽകിയ അപേക്ഷ പോക്സോ കോടതി അംഗീകരിച്ചു. കേസിൽ തുടരന്വോഷണത്തിനായി എസ് പി നിശാന്തിനിയുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘത്തിന് കഴിഞ്ഞ ദിവസം സർക്കാർ രൂപം നൽകിയിരുന്നു.
കൂടുതൽ തെളിവുകൾ ശേഖരിക്കാനുണ്ടെന്നും തുടരന്വോഷണത്തിനായി സർക്കാർ പ്രത്യേക സംഘത്തെ നിയോഗിച്ചതായും പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചതിനെ തുടർന്നാണ് കോടതി അനുമതി നൽകിയത്. പ്രതികളായ വി മധു, ഷിബു എന്നിവരുടെ റിമാൻഡ് കാലാവധി അടുത്ത മാസം അഞ്ചു വരെ നീട്ടിയിട്ടുണ്ട്. പുനർ വിചാരണ നടപടിക്ക് തുടക്കമിട്ടതോടെയാണ് ബുധനാഴ്ച ഇരുവരേയും കോടതി റിമാൻഡിലയച്ചത്.
മറ്റൊരു പ്രതി എം മധുവിന് നേരത്തെ തന്നെ ഹൈക്കോടതി ജാമ്യം അനുവദിച്ചിരുന്നു. കേസിൽ പ്രതികളെ വെറുതെ വിട്ട വിചാരണ കോടതി നടപടി റദ്ധാക്കിയ ഹൈക്കോടതി പുനർ വിചാരണക്ക് ഉത്തരവിട്ടിരുന്നു. തുടർ അന്വേഷണത്തിനായി പോലീസിന് കോടതിയെ സമീപിക്കാമെന്നും ഹൈക്കോടതി വിധിയിൽ വ്യക്തമാക്കിയിട്ടുണ്ട്.
Content Highlights; further investigation in valayar case