ഹത്രാസും വാളയാറും ഭരണകൂട ഭീകരതയുടെ അടയാളം; യാതൊരു വ്യത്യാസവുമില്ലെന്ന് രമേശ് ചെന്നിത്തല

വാളയാര്‍: ഹത്രാസും വാളയാറും ഭരണകൂട ഭീകരതകള്‍ക്ക് തെളിവാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. വാളയാര്‍ വിഷയം യുഡിഎഫ് പലതവണ നിയമസഭയില്‍ ഉന്നയിച്ചെങ്കിലും പെണ്‍കുട്ടികളുടെ കുടുംബത്തിന് നീതി നടപ്പാക്കുന്നതിന് സംസ്ഥാന സര്‍ക്കാരിന് സാധിച്ചിട്ടില്ലെന്ന് ചെന്നിത്തല കുറ്റപ്പെടുത്തി. കണ്ണു തുറക്കാത്ത സര്‍ക്കാരാണ് കേരളം ഭരിക്കുന്നതെന്നും അദ്ദേഹം വിമര്‍ശിച്ചു.

വാളയാറില്‍ ദുരൂഹ സാഹചര്യത്തില്‍ കൊല്ലപ്പെട്ട പെണ്‍കുട്ടികളുടെ അമ്മ നടത്തുന്ന സമരത്തിന് ഐക്യദാര്‍ഢ്യവുമായി സമര പന്തല്‍ സന്ദര്‍ശിക്കവേയാണ് രമേശ് ചെന്നിത്തല ഇക്കാര്യങ്ങള്‍ പറഞ്ഞത്. കുടുംബത്തിന്‍രെ വേദന കാണാന്‍ ആരുമില്ലെന്നും ഒരു സര്‍ക്കാരും ജനങ്ങളോട് ഇത്ര ക്രൂരത കാണിക്കാന്‍ പാടില്ലെന്നും ചെന്നിത്തല പറഞ്ഞു. പോക്‌സോ കേസുകള്‍ അട്ടിമറിക്കുന്ന, പാവപ്പെട്ടവര്‍ക്ക് നീതി ലഭ്യമാക്കാത്ത സര്‍ക്കാരിനെതിരായ ജനവികാരത്തിന്റെ പ്രതിഫലനമാണ് സമരമെന്നും ചെന്നിത്തല വ്യക്തമാക്കി.

യുഡിഎഫ് അധികാരത്തില്‍ വന്നാല്‍ വാളയാര്‍ കേസിലെ കുറ്റവാളികള്‍ സര്‍വീസിലുണ്ടാകില്ലെന്ന ഉറപ്പും ചെന്നിത്തല നല്‍കി. ഭരണകൂട ഭീകരതയ്‌ക്കെതിരെ കേരളം ഉണര്‍ന്ന് ഒറ്റക്കെട്ടായി നില്‍ക്കേണ്ട സമയമാണിതെന്നും രമേശ് ചെന്നിത്തല ചൂണ്ടികാട്ടി.

Content Highlight: Ramesh Chennithala react to Walayar Case