ഇരട്ടവോട്ട് ; വ്യാജ വോട്ടര്‍മാരുടെ മുഴുവന്‍ വിവരങ്ങള്‍ നാളെ പുറത്ത് വിടുമെന്ന് ചെന്നിത്തല

ഇരട്ട വോട്ടില്‍ തെരഞ്ഞെടുപ്പ് കമ്മീഷന് കൊടുത്ത പരാതികള്‍ പ്രസിദ്ധീകരിക്കുമെന്നും സംസ്ഥാനത്തെ വ്യാജ വോട്ടര്‍മാരുടെ വിവരങ്ങള്‍ നാളെ പുറത്ത് വിടുമെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. താന്‍ വ്യക്തമായ തെളിവുകള്‍ നല്‍കിയിരുന്നതായും തെരഞ്ഞെടുപ്പ് കമ്മീഷൻ്റെ കണ്ടെത്തല്‍ അത്ഭുകരമാണെന്നും അദ്ദേഹം പറഞ്ഞു.

ഇരട്ടവോട്ടുമായി ബന്ധപ്പെട്ട മുഴുവന്‍ വിവരങ്ങളും നാളെ പുറത്തുവിടും. താന്‍ പറയുന്നതാണോ അതോ തിരഞ്ഞെടുപ്പു കമ്മിഷന്‍ പറയുന്നതാണോ ശരിയെന്ന് പൊതുജനങ്ങള്‍ അറിയണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇരട്ടവോട്ട് ചെറിയ കാര്യമല്ലെന്നും ചെന്നിത്തല പറഞ്ഞു. കേരളത്തിലെ തിരഞ്ഞെടുപ്പിനെ അട്ടിമറിക്കാന്‍ സഹായിക്കുന്ന വിധത്തിലുള്ള ഇരട്ടവോട്ടാണ് ചേര്‍ത്തിരിക്കുന്നത്. ഈ വ്യാജ വോട്ടര്‍മാര്‍ ഒരു കാരണവശാലും വോട്ടെടുപ്പിൽ പങ്കെടുക്കാന്‍ പാടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കായംകുളത്തെ വോട്ടറേ സ്വാധീനിക്കാനുള്ള ശ്രമത്തെ അപലപിച്ച ചെന്നിത്തല തപാല്‍ വോട്ട് പ്രക്രിയ ഒട്ടും സുരക്ഷിതമല്ലെന്നും കുറ്റപ്പെടുത്തി. പെന്‍ഷന്‍ കൊടുത്തിട്ട് വോട്ട് സ്വാധീനിക്കുന്ന രീതി പല ഭാഗങ്ങളില്‍ ഉള്ളതായും ആക്ഷേപമുണ്ട്. സംസ്ഥാനത്ത് ജനവിധി അട്ടിമറിക്കാന്‍ വലിയ ഗൂഢാലോചന നടക്കുന്നതായി ആരോപിച്ച ചെന്നിത്തല കള്ള വോട്ട് ചെയ്യാന്‍ മഷി വരെ വിതരണം ചെയ്യുന്നുണ്ടെന്നും പറഞ്ഞു. സര്‍വ്വേ ഫലങ്ങള്‍ പുറത്തുവിടുന്നത് ഒട്ടും ശരിയല്ലെന്നും സംസ്ഥാനത്ത് തെരഞ്ഞെടുപ്പ് തുടങ്ങിയെന്നും ഓര്‍മ്മിപ്പിച്ച ചെന്നിത്തല കമ്മീഷന്‍ അടിയന്തരമായി ഇടപെടണമെന്ന് ആവശ്യപ്പെട്ടു.

ആഴക്കടല്‍ മത്സ്യക്കൊള്ളയ്ക്കായി സംസ്ഥാന സര്‍ക്കാര്‍ ഇ.എം.സി.സിയുമായി 2020 ഫെബ്രുവരി 28-ന് അസെന്‍ഡില്‍ വെച്ച് ഒപ്പിട്ട ധാരണാപത്രം ഇതുവരെ റദ്ദാക്കിയിട്ടില്ലെന്നും ചെന്നിത്തല ആരോപിച്ചു.

content highlights: Ramesh chennithala on double vote issue