പാലാ സീറ്റിനെപ്പറ്റിയുള്ള വിവാദങ്ങള്‍ അനാവശ്യം, ജോസ് കെ മാണി മത്സര രംഗത്തുണ്ടാകുമെന്ന് റോഷി അഗസ്റ്റിന്‍

കോട്ടയം: പാലാ സീറ്റിനെപ്പറ്റി നിലവില്‍ നടക്കുന്ന വിവാദം അപ്രസക്തമെന്ന് റോഷി അഗസ്റ്റിന്‍ എംഎല്‍എ. എല്‍ഡിഎഫ് ചര്‍ച്ച പോലും ചെയ്യാത്ത വിഷയത്തിലാണ് നിലവിലെ വിവാദമെന്ന് കേരള കോണ്‍ഗ്രസ് ജോസ് കെ മാണി വിഭാഗം പ്രതികരിച്ചു. മുന്നണി മരാദ്യ പാലിക്കുന്ന പാര്‍ട്ടിയാണ് കേരള കോണ്‍ഗ്രസെന്നും ഇടതു പക്ഷ മുന്നണിയുമായി അത്തരം കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുമ്പോള്‍ ഉചിതമായ സമയത്ത് ഉചിതമായ കാര്യങ്ങള്‍ മുന്നണിയും പാര്‍ട്ടി നേതൃത്വവും ചേര്‍ന്ന് തീരുമാനിക്കുമെന്നും റോഷി പറഞ്ഞു.

സീറ്റ് വിഷയത്തില്‍ ഇത് വരെ യാതൊരു അവകാശ വാദവും ഉന്നയിച്ചിട്ടില്ലെന്ന് രോഷി അഗസ്റ്റിന്‍ മാധ്യമങ്ങളോട് പറഞ്ഞു. ജോസ് കെ മാണിക്ക് കേരളത്തില്‍ പൊതു സ്വീകാര്യതയുണ്ടെന്നും അതിനാല്‍ തന്നെ ജോസ് കെ മാണി മത്സര രംഗത്തുണ്ടാകുമെന്നും റോഷി പ്രതികരിച്ചു. എവിടെ മത്സരിക്കണമെന്ന തീരുമാനം മുന്നണിയാണ് എടുക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു.

പാലാ സീറ്റ് സംബന്ധിച്ച് എന്‍സിപിയില്‍ ചര്‍ച്ച മുറുകുന്നതിനിടെയാണ് കേരള കോണ്‍ഗ്രസ് ജോസ് കെ മാണി വിഭാഗത്തിന്റെ പ്രതികരണം. പാലാ സീറ്റ് കിട്ടിയില്ലെങ്കില്‍ ഇടത് മുന്നണിയില്‍ നിന്ന് പിന്മാറാനുള്ള നീക്കത്തിലാണ് എന്‍സിപി സംസ്ഥാന നേതൃത്വം.

Content Highlight: Roshi Agustin responds on pala seat controversy