കേരളത്തിലെ കൊവിഡ് വ്യാപനം അപകടകരമായ നിലയിൽ; രോഗികളുടെ എണ്ണത്തിൽ ഏഴ് ദിവസത്തിനിടെ 15 ശതമാനം വർധന

covid spread in kerala

കേന്ദ്ര സർക്കാർ പുറത്ത് വിട്ട കണക്കുകൾ പ്രകാരം രാജ്യത്ത് കൊവിഡ് വ്യാപനം ഏറ്റവും ശക്തമായ സംസ്ഥാനമായി കേരളം മാറി. നിലവിൽ എല്ലാ ദിവസവും ഏറ്റവും കൂടുതൽ കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്യുന്നതും ഏറ്റവും കൂടുതൽ കൊവിഡ് രോഗികൾ ചികിത്സയിൽ കഴിയുന്നതും കേരളത്തിലാണ്. കണ്ണൂർ, എറണാകുളം, തിരുവനന്തപുരം, തുടങ്ങി ജില്ലകൾ അടക്കം സംസ്ഥാനത്തെ എട്ട് ജില്ലകളിൽ കൊവിഡ് രോഗികളുടെ എണ്ണം അപകടകരമാം വിധം വർധിക്കുകയാണ്. എന്നാൽ സാംമ്പിളുകളുടെ പരിശോധനയിൽ മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളം പിന്നിലാണ്.

പ്രതിദിന രോഗികളുടെ എണ്ണവും ആകെ രോഗികളുടെ എണ്ണവും രാജ്യത്ത് തന്നെ ഏറ്റവും കൂടുതലായ കേരളത്തിൽ പരിശോധിക്കുന്ന സാമ്പിളുകളുടെ എണ്ണം വളരെ കുറവാണ്. ഏഴ് ദിവസത്തിനിടെ രോഗികളുടെ എണ്ണത്തിൽ 15 ശതമാനം വർധനവാണ് രേഖപെടുത്തിയത്. ജില്ലകളുടെ കണക്കെടുത്താൽ അതും ഞെട്ടിക്കുന്നതാണ്. കണ്ണൂരിൽ കൊവിഡ് രോഗികളുടെ എണ്ണത്തിൽ 40 ശതമാനം വർധനവാണ് ഉണ്ടായത്. രോഗികളുടെ എണ്ണം ഏറ്റവും കുറവായിരുന്ന വയനാട്ടിൽ ഒരാഴ്ച കൊണ്ട് ഉണ്ടായ വർധനവ് 34 ശതമാനമാണ്. തിരുവനന്തപുരത്ത് 33 ശതമാനവും കൊല്ലത്ത് 31 ശതമാനവും കോട്ടയത് 25 ശതമാനവും ആണ്.

കണ്ണൂർ, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, തിരുവനന്തപുരം, തൃശ്ശൂർ തുടങ്ങീ ജില്ലകളിൽ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കും കുത്തനെ ഉയർന്നു. ദേശീയ ശരാശരി 2 ലും താഴെ ആയിരിക്കെ സംസ്ഥാനത്ത് അത് ഒന്നര മാസത്തിലേറെ ആയി 10 ന് മുകളിലാണുള്ളത്. ആശുപത്രികളിലും കൊവിഡ് ചികിത്സാ കേന്ദ്രങ്ങളിലുമായി പ്രവേശിക്കപെട്ടവരുടെ എണ്ണത്തിലും വർധനയുണ്ട്. കൊവിഡ് ഗുരുതരമാകുന്നവരുടെ എണ്ണവും കഴിഞ്ഞ രണ്ടാഴ്ചക്കിടെ വർധിച്ചിട്ടുണ്ട്. ഇതേ നിരക്കിൽ തന്നെ ഇനിയും തുടർന്നാൽ തീവ്ര പരിചരണമടക്കം പ്രതിസന്ധിയിലാകും. അതേസമയം കൊവിഡ് മരണ നിരക്ക് കുറഞ്ഞിരിക്കാൻ കാരണം മറ്റ് രോഗങ്ങളുള്ളവരിലെ കൊവിഡ് ബാധിച്ചുള്ള മരണം കണക്കിൽ പെടുത്താതാണെന്നാണ് വിദഗ്ദർ പറയുന്നത്.

50 ശതമാനം മാത്രം സെൻസിറ്റീവായ ആന്റിജൻ പരിശോധനയാണ് കേരളത്തിൽ വ്യാപകമായി നടക്കുന്നത്. ഇതിന് പകരം പിസിആർ പരിശോധനകളുടെ എണ്ണം കൂട്ടുകയും നിരീക്ഷണമടക്കം കർശനമാക്കുകയും ചെയ്തില്ലെങ്കിൽ വലിയ വിപത്തുണ്ടാകുമെന്നാണ് ആരോഗ്യ വകുപ്പ് വിദഗ്ദരുടെ മുന്നറിയിപ്പ്.

Content Highlights; high-speed covid spread in kerala