ട്രാക്ടര്‍ റാലി: എട്ട് ബസ്സുകളും 17 സ്വകാര്യ വാഹനങ്ങളും നശിപ്പിക്കപ്പെട്ടു; 86 പൊലീസുകാര്‍ക്ക് പരിക്ക്

ന്യൂഡല്‍ഹി: റിപ്പബ്ലിക് ദിനത്തില്‍ കര്‍ഷകര്‍ നടത്തിയ ട്രാക്ടര്‍ റാലിക്കിടെയുണ്ടായ അക്രമത്തില്‍ 86ഓളം പൊലീസുകാര്‍ക്ക് പരിക്ക് പറ്റിയതായി റിപ്പോര്‍ട്ട്. കൂടാതെ പൊതുമുതല്‍ നശിപ്പിക്കല്‍, ആയുധമുപയോഗിച്ച് പൊതു സേവകരെ ആക്രമിക്കല്‍ എന്നീ കേസുകള്‍ ചുമത്തി 22 കേസുകളും പൊലീസ് ഫയല്‍ ചെയ്തു. സമാദാനപരമായ റാലിക്കായിരുന്നു പൊലീസ് അനുമതി നല്‍കിയതെങ്കിലും മണിക്കൂറുകള്‍ക്കുള്ളില്‍ സമരം പ്രക്ഷുപ്തമാകുകയായിരുന്നു.

8 ബസ്സുകളും 17 സ്വകാര്യ വാഹനങ്ങളും അക്രമത്തില്‍ തകര്‍ന്നു. റാലി നടത്തേണ്ട സമയവും സ്ഥലവും നേരത്തെ നിശ്ചയിച്ചിരുന്നെങ്കിലും കര്‍ഷകര്‍ ഇതെല്ലാം തെറ്റിക്കുകയായിരുന്നുവെന്ന് പൊലീസ് ചൂണ്ടികാട്ടി. പ്രതിഷേധക്കാര്‍ പൊലീസ് ബാരിക്കേഡ് തകര്‍ത്ത് അകത്ത് കയരാന്‍ തുനിഞ്ഞതാണ് പ്രതിഷേധത്തിലേക്ക് വഴി വെച്ചത്. വാള്‍, കൃപാണ്‍ തുടങ്ങിയ ആയുധങ്ങളും കര്‍ഷകരുടെ കൈയിലുണ്ടായിരുന്നെന്നാണ് പൊലീസിന്റെ റിപ്പോര്‍ട്ട്.

ഏറെ നേരത്തെ ശ്രമത്തിനൊടുവില്‍ രാവിലെ ആരംഭിച്ച പ്രതിഷേധം വൈകിട്ടോടെ മാത്രമാണ് അവസാനിപ്പിക്കാന്‍ കഴിഞ്ഞത്. ഇതിനിടെ ചെങ്കോട്ടയിലെത്തിയ പ്രതിഷേധക്കാര്‍ കോട്ടയുടെ മുകളില്‍ കയറി സിഖ് പതാകയും സ്ഥാപിച്ചു.

അതേസമയം, പ്രതിഷേധം നടത്തിയവരുമായി യാതൊരു വിധ ബന്ധവുമില്ലെന്ന് സംയുക്ത കിസാന്‍ മോര്‍ച്ച പ്രസ്താവനയിലൂടെ അറിയിച്ചു. സമാധാനപരമായ റാലിയാണ് ഉദ്ധേശിച്ചിരുന്നതെന്നും എന്നാല്‍ ചില രാ,്ട്രീയ പാര്‍ട്ടികളും വ്യക്തികളും അത് അട്ടിമറിച്ചതായും സംയുക്ത കിസാന്‍ മോര്‍ച്ച പ്രസ്താവനയിലൂടെ അറിയിച്ചു.

Content Highlight: 86 Cops Injured, 15 Cases Filed Over Tractor Rally Violence, Say Police