കുതിരാനിൽ ഒരു ടണൽ തുറക്കാൻ മൂന്ന് മാസത്തെ സാവകാശം വേണമെന്ന് ആവശ്യപെട്ട് ദേശീയപാത അതോറിറ്റി. 90 ശതമാനം പണി പൂർത്തിയായതായി എൻഎച്ച്എഐ ഹൈക്കോടതിയെ അറിയിച്ചു. മാർച്ച് അവസാനത്തോടെ പാലക്കാട്ടേക്കുള്ള ടണൽ തുറക്കും. വനഭൂമി വിട്ടുകിട്ടുന്നതിലെ കാലതാമസം നിർമ്മാണത്തെ ബാധിച്ചുവെന്നും ദേശീയപാത അതോറിറ്റി അറിയിച്ചു.
കുതിരാനിൽ ടണൽ തുറക്കുന്നതുമായി ബന്ധപെട്ട് ഹർജി പരിഗണിക്കവെയാണ് ദേശീയപാത അതോറിറ്റി ഹൈക്കോടതിയിൽ സത്യവാങ്മൂലം സമർപ്പിച്ചത്. നിർമാണം നടന്നു കൊണ്ടിരിക്കുകയാണെന്നും നിലവിൽ നിർമാണത്തിന് തടസ്സങ്ങളില്ലെന്നും ദേശീയപാത അതോറിറ്റി അറിയിച്ചു. പ്രളയത്തിന് ശേഷമുണ്ടായ മണ്ണിടിച്ചിൽ, സാമ്പത്തിക പ്രശ്നങ്ങളൊക്കെ കാരണമാണ് കുതിരാനിലെ തുരങ്കത്തിന്റെ നിർമ്മാണം വൈകിയത്.
സാമ്പത്തിക സ്രോതസ്സുകൾ കണ്ടെത്താനുള്ള ശ്രമങ്ങൾ തുടരുകയാണെന്നും ദേശീയ പാത അതോറിറ്റി അധികൃതർ വ്യക്തമാക്കി. തുരങ്കത്തിൽ കല്ലുകൾ വീഴുന്നതിനെ കുറിച്ച് പഠിക്കണമെന്ന് ഹർജിക്കാർ ആവശ്യപെടുന്നത്. എന്നാൽ നാട്ടുകാർക്ക് അനാവശ്യ ആശങ്കയാണെന്നാണ് ദേശീയപാത അതോറിറ്റി പറയുന്നത്. ഇതിനെ ഹൈക്കോടതി വിമർശിച്ചു. നാട്ടുകാരാണ് ടണലിലൂടെ യാത്ര ചെയ്യുന്നതെന്നും അവർക്ക് ആശങ്കയുണ്ടാകുമെന്നും കോടതി പറഞ്ഞു.
Content Highlights; national highways authority has asked for a three-month delay to open the kuthiran tunnel