കുതിരാൻ തുരങ്ക പാത നിർമ്മാണം നിലച്ചതിൽ ദേശീയ പാത അതോറിറ്റിയെ രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി

Kerala high court slams national highways authority for halting construction of Kuthiran tunnel

കുതിരാൻ തുരങ്കപാതാ നിർമ്മാണം നിലച്ചതിൽ ദേശീയപാത അതോറിറ്റിക്ക് ഹൈക്കോടതിക്ക് രൂക്ഷ വിമർശനം. അതോറിറ്റിയുടെ അനാസ്ഥയും പിടിപ്പു കേടും മൂലം പൊതുജനം പൊറുതിമുട്ടുകയാണെന്ന് ഹൈക്കോടതി വിമർശിച്ചു. വിഷയത്തിൽ എന്ത് പരിഹാരമുണ്ടാക്കാനാകും എന്ന് വിശദീകരിക്കുന്ന റിപ്പോർട്ട് ബുധനാഴ്ചക്കകം സമർപ്പിക്കാൻ അതോറിറ്റിക്ക് ഹൈക്കോടതി നിർദേശം നൽകി.

കുതിരാനിൽ ഒരു ഭാഗത്തേക്കുള്ള തുരങ്കപാതയെങ്കിലും അടിയന്തരമായി തുറക്കണമെന്നും ദേശീയപാതാ നിർമ്മാണത്തിലെ അപാകതയെ കുറിച്ച് കോടതി മേൽനോട്ടത്തിൽ അന്വേഷണം വേണമെന്നും ആവശ്യപെട്ട് ചീഫ് വിപ്പ് കെ രാജൻ എം എൽഎ നൽകിയ ഹർജിയിലാണ് ഹൈക്കോടതി ഇടപെടൽ. 2009 ലായിരുന്നു ദേശീയപാതയുടെ മണ്ണുത്തി വടക്കാഞ്ചേരി ഭാഗം ആറുവരിയായി പുനർ നിർമ്മിക്കുന്നതിന് കരാർ ഒപ്പുവെച്ചത്. കുതിരാനിലെ ഒരു കിലോമീറ്ററോളം വരുന്ന 2 തുരങ്കങ്ങൾ ഉൾപെടെ 28.5 കിലോമീറ്ററാണ് ദൈർഘ്യം.

എന്നാൽ 11 വർഷമായിട്ടും പാതയുടെ നിർമ്മാണം പൂർത്തിയായില്ല. അതേസമയം നിർമ്മാണം നിലച്ച നിലയിലാണെന്നും കരാർ കമ്പനിയുമായി തർക്കങ്ങൾ നിലവിലുണ്ടെന്നും ദേശീയപാത അതോറിറ്റി കോടതിയെ അറിയിച്ചു. രാഷ്ട്രീയ പാർട്ടികൾ നടത്തിയ സമരങ്ങളും പണി വൈകാൻ കാരണമായെന്ന് ദേശീയ പാത അതോറിറ്റി കോടതിയിൽ വ്യക്തമാക്കി. പാത തുറക്കാൻ നടപടി ആവശ്യപെട്ട് ചീഫ് വിപ്പ് കെ രാജൻ നൽകിയ ഹർജിയിലായിരുന്ന കോടതി നടപടി.

Content Highlights; Kerala high court slams national highways authority for halting construction of Kuthiran tunnel