ആലപ്പുഴ ബൈപ്പാസ് കേരളവും കേന്ദ്രവും ഒന്നിച്ച് പ്രവര്‍ത്തിച്ചതിന്റെ നേട്ടം: ജി സുധാകരന്‍

ആലപ്പുഴ: ആലപ്പുഴ ബൈപ്പാസ് ജനങ്ങള്‍ക്ക് തുറന്നു കൊടുക്കാനായത് കേന്ദ്രവും കേരളവും യോജിച്ച് പ്രവര്‍ത്തിച്ചതിനാലാണെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി സുധാകരന്‍. ആലപ്പുഴ ബൈപ്പാസ് വിജയകരമാണെന്നും കേന്ദ്രവും കേരളവും ഒരേ സര്‍ക്കാര്‍ ഭരിച്ചപ്പോള്‍ നടക്കാതിരുന്നതാണ് വ്യത്യസ്ത സര്‍ക്കാരുകള്‍ ഭരിച്ച കാലത്ത് നടന്നതെന്നും മന്ത്രി പറഞ്ഞു. കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരിയും മുഖ്യമന്ത്രി പിണറായി വിജയനും ചേര്‍ന്നാണ് ബൈപ്പാസിന്റെ ഉദ്ഘാടനം നിര്‍വഹിച്ചത്.

കഴിഞ്ഞ സര്‍ക്കാരിന്റെ അവസാന വര്‍ഷമാണ് ആലപ്പുഴ ബൈപ്പാസിന്റെ ഡിപിആര്‍ തയ്യാറാക്കിയത്. ബൈപാസിന്റെ 15 ശതമാനം പണികള്‍ യുഡിഎഫ് സര്‍ക്കാര്‍ ചെയ്തിരുന്നു. അത് നന്ദിയോടെ ഓര്‍ക്കുന്നുവെന്ന് മന്ത്രി പറഞ്ഞു. ബാക്കിയുള്ള പണികളാണ് ഈ സര്‍ക്കാര്‍ അധികാരത്തിലെത്തിയതിനു ശേഷം പൂര്‍ത്തിയാക്കിയത്. 15 ശതമാനം പണി അവര്‍ ചെയ്തിരുന്നില്ലെങ്കില്‍ ബൈപ്പാസ് നിര്‍മാണം ഇനിയും വൈകിയേനെയെന്നും സുധാകരന്‍ പറഞ്ഞു.

കേന്ദ്രസര്‍ക്കാര്‍ 174 കോടിയും സംസ്ഥാന പൊതുമരാമത്ത് വകുപ്പ് 174 കോടിയും ചെലവഴിച്ചാണ് പദ്ധതി യാഥാര്‍ഥ്യമാക്കിയത്. ലൈറ്റ് സ്ഥാപിക്കാനും റെയില്‍വേയ്ക്ക് നല്‍കിയതും കൂടി ചേര്‍ത്ത് 25 കോടി രൂപകൂടി സംസ്ഥാനം അധികമായി ചെലവഴിച്ചു.

Content Highlight: Minister G Sudhakaran on Alappuzha Bypass