ആലപ്പുഴയില്‍ ഐസൊലേഷന്‍ ബെഡ് സൗകര്യം ഹൗസ് ബോട്ടിലും സജ്ജമാക്കും; മന്ത്രി ജി സുധാകരന്‍

ആലപ്പുഴ: ലോക്ഡൗണ്‍ കാലത്ത് ആലപ്പുഴ ജില്ലയില്‍ ആരംഭിച്ച കമ്മ്യൂണിറ്റി കിച്ചണുകളുടെ പ്രവര്‍ത്തനം പരിശോധിച്ച് കുറവുകള്‍ പരിഹരിക്കാന്‍ നിര്‍ദ്ദേശം നല്‍കിയതായി പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി സുധാകരന്‍ പറഞ്ഞു. കമ്മ്യൂണിറ്റി കിച്ചണ്‍ സംവിധാനം അര്‍ഹതപ്പെട്ട മുഴുവന്‍ ആളുകളിലേക്കും എത്തിയിട്ടുണ്ട് എന്ന് പരിശോധിച്ച് ഉറപ്പാക്കും. അര്‍ഹതപ്പെട്ട ആളുകള്‍ക്ക് ഭക്ഷണം ലഭിക്കാത്ത സാഹചര്യമില്ലെന്ന് ഉറപ്പാക്കാനും മന്ത്രി നിര്‍ദ്ദേശിച്ചു. കലക്ടറേറ്റില്‍ ചേര്‍ന്ന കൊറോണ-19 പ്രതിരോധപ്രവര്‍ത്തനങ്ങളും ലോക്ഡൗണും സംബന്ധിച്ചുള്ള അവലോകനയോഗത്തില്‍ അധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.

കോവിഡ് 19 നിയന്ത്രണങ്ങള്‍ ജില്ലയില്‍ മികച്ച രീതിയിലാണ് മുന്നോട്ടുപോകുന്നതെങ്കിലും കൂടുതല്‍ ജാഗ്രത തുടരേണ്ടതുണ്ടെന്ന് മന്ത്രി കൂട്ടിച്ചേര്‍ത്തു. സര്‍ക്കാര്‍ നിര്‍ദ്ദേശിക്കുന്ന നിയന്ത്രണങ്ങളില്‍ ഒരു വിട്ടുവീഴ്ചയും പാടില്ല. ലോക്ഡൗണ്‍ കാലാവധി അവസാനിച്ചുകഴിഞ്ഞാല്‍ വിദേശത്തുനിന്നും മറ്റും കൂടുതല്‍ ആളുകള്‍ എത്തുമ്പോാള്‍ സ്വീകരിക്കേണ്ട മുന്‍കരുതലുകള്‍ ജില്ലയില്‍ ആരംഭിച്ചിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു. രണ്ടായിരത്തോളം ഐസൊലേഷന്‍ ബെഡ്ഡുകള്‍ ഹൗസ് ബോട്ടുകളില്‍ ആരംഭിക്കുന്നതിനുള്ള നടപടികള്‍ തുടങ്ങിയിട്ടുണ്ട്. ഇതു സംബന്ധിച്ച് ജില്ലാ കളക്ടര്‍ ഹൗസ് ബോട്ട് ഉടമകളുമായി സംസാരിച്ചു കഴിഞ്ഞതായും മന്ത്രി പറഞ്ഞു.

കമ്മ്യൂണിറ്റി കിച്ചണ്‍ നിലവില്‍ ജില്ലയില്‍ 101 കമ്മ്യൂണിറ്റി കിച്ചണുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. മാര്‍ച്ച് 28 മുതല്‍ ഏപ്രില്‍ 9 വരെ പഞ്ചായത്തു കമ്മ്യൂണിറ്റി കിച്ചണുകള്‍ വഴി 1,87,039 പേര്‍ക്കും നഗരസഭകള്‍ വഴി 44209 പേര്‍ക്കും ഭക്ഷണം എത്തിച്ചു. ആകെ 2,31,248 പേര്‍ക്ക് ഭക്ഷണം നല്‍കി.ഇതില്‍ 1,71,192 പേര്‍ക്ക് സൗജന്യമായാണ് നല്‍കിയത്. കമ്മ്യൂണിറ്റി കിച്ചണുകളില്‍ നിന്നും ഭക്ഷണം നല്‍കേണ്ടവരുടെ പട്ടിക പ്രത്യേക പഞ്ചായത്തുതല കമ്മറ്റി നല്‍കണമെന്നാണ് സര്‍ക്കാര്‍ നിര്‍ദ്ദേശം എന്നാല്‍ ശുപാര്‍ശ നല്‍കേണ്ട കമ്മിറ്റികള്‍ വേണ്ടവിധത്തില്‍ തങ്ങളുടെ ദൗത്യം യഥാവിധി നിര്‍വഹിക്കുന്നുണ്ടോ എന്ന കാര്യം പരിശോധിക്കും. അര്‍ഹരായവര്‍ക്ക് ഭക്ഷണം ലഭിക്കാത്ത സാഹചര്യമുണ്ടെങ്കില്‍ പരിശോധിച്ച് പരിഹരിക്കാനും കാണാന്‍ മന്ത്രി നിര്‍ദ്ദേശം നല്‍കി. കമ്മ്യൂണിറ്റി കിച്ചണുകള്‍ക്ക് സമാന്തരമായി സര്‍ക്കാര്‍ അറിയാതെ മറ്റ് സംഘടനകള്‍ ഭക്ഷണ വിതരണമോ കിറ്റ് വിതരണമോ പാടില്ല. ഇത്തരം പ്രവണത ജില്ലയുടെ പല ഭാഗങ്ങളില്‍ കാണുന്നുണ്ടെന്നും ഇത് നിരുത്സാഹപ്പെടുത്തണമെന്നും മന്ത്രി പറഞ്ഞു.

അതിഥി തൊഴിലാളികള്‍ ജില്ലയില്‍ 16984 അതിഥി തൊഴിലാളികളാണ് ഉള്ളത്. 8375 പേര്‍ക്ക് സര്‍ക്കാര്‍ ഭക്ഷണ സാമഗ്രികള്‍ എത്തിക്കുന്നു. 8609 പേര്‍ക്ക് അവരെ നിയോഗിച്ച കരാറുകാര്‍ തന്നെയാണ് ഭക്ഷണ പാര്‍പ്പിട സൗകര്യം ഏര്‍പ്പാടാക്കുന്നത്. ഇവര്‍ക്ക് ഈ ആഴ്ചത്തേക്കുള്ള ഭക്ഷണ സാമഗ്രികള്‍ രണ്ടാം ഘട്ടവിതരണത്തിലൂടെ പൂര്‍ത്തിയാക്കിയിട്ടുണ്ട്.

Content Highlight: 2000 house boats to be set as Isolated wards in Alappuzha