പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുമായി ബന്ധം പുലര്‍ത്തുന്ന പ്രായപൂര്‍ത്തിയായ ആണ്‍കുട്ടിയെ ശിക്ഷിക്കുക എന്നതല്ല പോക്‌സോ നിയമത്തിന്‌റെ ലക്ഷ്യമെന്ന് മദ്രാസ് ഹൈക്കോടതി. തങ്ങളുടെ പെണ്‍മക്കളുമായി പ്രണയത്തിലുള്ള ചെറുപ്പക്കാരെ കുടുക്കുന്നതിനായി കുടുംബങ്ങള്‍ പോക്‌സോ നിയമത്തെ ദുരുപയോഗം ചെയ്യുന്നതായും സമൂഹത്തിലുണ്ടാകുന്ന മാറ്റങ്ങള്‍ക്കനുസരിച്ച് നിയമത്തില്‍ ആവശ്യമായ മാറ്റങ്ങള്‍ വരണമെന്നും ജസ്‌റ്റിസ് എ ആനന്ദ് വെങ്കിടേഷ് നിരീക്ഷിച്ചു.
20 വയസ്സുള്ള യുവാവ് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ തട്ടികൊണ്ടുപോയി ലൈംഗീകമായി പീഢിപ്പിച്ചു എന്ന കേസ് പരിഗണിക്കവെയാണ് സിംഗിള്‍ ബെഞ്ച് ഈ നിരീക്ഷണം നടത്തിയത്. യുവാവും താനും തമ്മിലുള്ള ബന്ധം പരസ്‌പരം സമ്മതത്തോടെയുള്ളതാണെന്ന് പെണ്‍കുട്ടി കോടതി മുമ്പാകെ വ്യക്തമാക്കിയിരുന്നു. ഇതു പോലെയുള്ള സംഭവങ്ങള്‍ ഇപ്പോള്‍ ഗ്രാമങ്ങളിലും നഗരങ്ങളിലും പതിവായിരിക്കുകയാണെന്നും കോടതി നിരീക്ഷിച്ചു.
മാതാപിതാക്കളോ കുടുംബമോ പരാതി നല്‍കുന്നതോടെ പോലീസ് തട്ടികൊണ്ടു പോകല്‍ പോക്‌സോ ആക്ടിലെ വിവിധ വകുപ്പുകള്‍ തുടങ്ങിയവ ചുമത്തി കേസെടുക്കുകയാണ്. പോക്‌സോ ആക്ടിന് കീഴില്‍ ചുമത്തപെട്ട നിരവധി ക്രിമിനല്‍ കേസുകള്‍ ഈ വിധത്തിലുള്ളതാണ്. എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യുന്നതോടെ ആണ്‍കുട്ടി അറസ്‌റ്റ ചെയ്യപെടുകയും അയാളുടെ യൗവനം പാഴാവുകയും ചെയ്യുന്നുവെന്നും ജസ്റ്റിസ് എ ആനന്ദ് വെങ്കിടേഷ് പറഞ്ഞു.
Content Highlights; POCSO Act not intended to penalize adolescents or teenagers in romantic relationships: Madras High Court