വര്‍ധനവ് 10 രൂപ മുതല്‍ 90 രൂപ വരെ; മദ്യത്തിന്റെ പുതുക്കിയ വില നാളെ മുതല്‍ പ്രാബല്യത്തില്‍

തിരുവനന്തപുരം: സംസ്ഥാനത്തെ പുതുക്കിയ മദ്യവില നാളെ മുതല്‍ പ്രബാല്യത്തില്‍ വരും. അടിസ്ഥാന വിലയില്‍ നിന്ന് ഏഴു ശതമാനത്തോളമാണ് വര്‍ധനവ് ഉണ്ടാവുന്നത്. പത്ത് രൂപ മുതല്‍ 90 രൂപ വരെയാണ് വര്‍ധനവുണ്ടാവുകയെന്നാണ് ലഭിക്കുന്ന വിവരം. ഒന്നാം തീയതിയിലെ ഡ്രൈ ഡേ മാറ്റണമോയെന്ന കാര്യത്തിലും സര്‍ക്കാര്‍ തീരുമാനം ഉടനുണ്ടാകും.

ഓള്‍ഡ് പോര്‍ട് റം അഥവാ ഒപിആറിന്റെ 660 രൂപ വിലയുള്ള ഒരു ലിറ്റര്‍ മദ്യത്തിനു ഇനി മുതല്‍ 710 രൂപ നല്‍കേണ്ടി വരുമെന്നാണ് ലഭിക്കുന്ന റിപ്പോര്‍ട്ട്. 560 രൂപയായിരുന്ന ജവാന് 600 രൂപയും നല്‍കണം. എംഎച്ച് ബ്രാന്‍ഡിയ്ക്ക് 950 ല്‍ നിന്നും 1020 ആയും ഓള്‍ഡ് മങ്ക് ലെജന്‍ഡിനു 2020 ല്‍ നിന്നും 2110 ആയും വില വര്‍ധിക്കും. ഇതുപോലെ മദ്യത്തിന്റെ ഇനമനുസരിച്ച് പത്തു രൂപ മുതല്‍ 90 രൂപ വരെയാണ് വര്‍ധനവുണ്ടാവുന്നത്.

മദ്യകമ്പനികളുടെ ഏറെ നാളത്തെ ആവശ്യത്തിനൊടുവിലാണ് ഏഴു ശതമാനം വര്‍ധന വരുത്താന്‍ സര്‍ക്കാര്‍ തീരുമാനം എടുത്തിരിക്കുന്നത്. പ്ലാസ്റ്റിക് കുപ്പിയില്‍ നിന്നും ഘട്ടം ഘട്ടമായി ചില്ലു കുപ്പിയിലേക്ക് മാറുന്നതിന്റെ ഭാഗമായി 750 മില്ലി ലിറ്റര്‍ മദ്യം ഇനി ചില്ലുകുപ്പിയിലായിരിക്കും ലഭിക്കുക. മാത്രമല്ല ഒന്നര ലീറ്ററിന്റേയും രണ്ടര ലീറ്ററിന്റേയും മദ്യവും ഔട്ട്ലെറ്റുകളിലെത്തും.

Content Highlight: Liquor price revised in Kerala