ജെസ്‌നയുടെ തിരോധാനം: ഹൈക്കോടതി ജഡ്ജിയുടെ വാഹനത്തില്‍ കരി ഓയില്‍ ഒഴിച്ച് പ്രതിഷേധം

Jesna missing case, protest against high court judge

കാഞ്ഞിരപ്പള്ളി എസ്.ഡി.കോളേജ് വിദ്യാര്‍ഥിനി ജെസ്‌ന മരിയ ജെയിംസിന്റെ തിരോധാനത്തില്‍ അന്വേഷണം ശരിയായ രീതിയിലല്ല മുന്നോട്ട് പോകുന്നതെന്നാരോപിച്ച് ഹൈക്കോടതി ജഡ്ജിയുടെ കാറിന് നേരെ കരി ഓയില്‍ ഒഴിച്ചു. കോട്ടയം എരുമേലി സ്വദേശിയായ ആര്‍. രഘുനാഥന്‍ ആണ്‌ കരിഓയില്‍ ഒഴിച്ചത്. സംഭവത്തെ തുടര്‍ന്ന് ഹൈക്കോടതിയിലെ സുരക്ഷാ ജീവനക്കാര്‍ ഇയാളെ തടഞ്ഞ് വെയ്ക്കുകയും പോലീസിന് കൈമാറുകയും ചെയ്തു. സെന്‍ട്രല്‍ പോലീസിന്റെ കസ്റ്റഡിയിലുള്ള ഇയാളെ ചോദ്യം ചെയ്യുകയാണ്.

ഇന്ന് രാവിലെ ജസ്റ്റിസ് സഞ്ചരിച്ച വാഹനം ഹൈക്കോടതി വളപ്പിലേക്ക് കയറുന്നതിനിടെ പ്രധാന കവാടത്തിന് പുറത്തായിരുന്നു സംഭവം. പിടിയിലായ ആര്‍. രഘുനാഥന്‍ ജെസ്‌നയുടെ നാട്ടുകാരനാണെന്നാണ് വിവരം. ജെസ്‌നയുടെ തിരോധാനവുമായി ബന്ധപ്പെട്ട് തനിക്ക് വിവരങ്ങള്‍ അറിയാമെന്നും എന്നാല്‍ ഇതുവരെയും തന്നെ ചോദ്യം ചെയ്യാന്‍ പോലീസ് തയാറാകുന്നില്ലെന്നും ഇയാള്‍ പറഞ്ഞതായാണ് വിവരം. ജഡ്ജിയുടെ വാഹനത്തിന് നേരെ ഉണ്ടായ ആക്രമണം സുരക്ഷാ വീഴ്ചയായാണ് വിലയിരുത്തുന്നത്. കൊല്ലമുള സന്തോഷ്‌കവല കുന്നത്തുവീട്ടിൽ ജയിംസിന്റെ മകൾ ജെസ്‌ന മരിയ ജയിംസിനെ 2018 മാർച്ച് 22നാണ് കാണാതായത്.

content highlights: Jesna missing case, protest against high court judge